അകലാപ്പുഴയില്‍ വീണ്ടും മുത്തമിട്ട് ഉല്ലാസ ബോട്ടുകള്‍; സുരക്ഷാ കാരണങ്ങളാല്‍ നിര്‍ത്തിവച്ച അകലാപ്പുഴയിലെ ബോട്ട് സര്‍വ്വീസ് പുനരാരംഭിച്ചു


കൊയിലാണ്ടി: അകലാപ്പുഴയില്‍ സുരക്ഷാ കാരണങ്ങളാല്‍ നിര്‍ത്തിവച്ച ഉല്ലാസ ബോട്ട് സര്‍വ്വീസ് പുനരാരംഭിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. യന്ത്രവത്കൃത ബോട്ടുകളും പെഡല്‍ ബോട്ടുകളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സര്‍വ്വീസ് നടത്തുന്നത് എന്ന ആരോപണത്തെ തുടര്‍ന്നാണ് കഴിഞ്ഞ മാസം ഇവയുടെ സര്‍വ്വീസ് നിര്‍ത്തി വയ്ക്കാന്‍ കൊയിലാണ്ടി തഹസില്‍ദാര്‍ ഉത്തരവിട്ടത്.

ബോട്ട് സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചതിന് ശേഷം ബോട്ടുകള്‍ക്ക് ആവശ്യമായ ലൈസന്‍സ് സുരക്ഷാ സംവിധാനങ്ങള്‍, വിദഗ്ധരായ ജീവനക്കാര്‍ എന്നിവ ഉണ്ടോ എന്ന് പരിശോധിക്കാന്‍ പോര്‍ട്ട് ഓഫീസറെയും ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയറെയും ചുമതലപ്പെടുത്തിയിരുന്നു. അകലാപ്പുഴയില്‍ സര്‍വ്വീസ് നടത്തിയിരുന്ന പത്ത് ബോട്ടുകളാണ് ഇവര്‍ പരിശോധിച്ചത്.

പരിശോധനയില്‍ രണ്ട് ബോട്ടുകള്‍ക്ക് മാത്രമേ ഇന്‍ലാന്റ് വെസല്‍ റൂള്‍ പ്രകാരം രജിസ്‌ട്രേഷന്‍ ഉള്ളൂ എന്ന് കണ്ടെത്തി. ഏഴ് എണ്ണത്തിന് ഫൈനല്‍ സര്‍വ്വേ കഴിഞ്ഞ് രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇവയ്‌ക്കെല്ലാം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട് എന്നാണ് പോര്‍ട്ട് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ അകലാപ്പുഴയില്‍ ബോട്ട് ജെട്ടികള്‍ നിര്‍മ്മിക്കാനോ പ്രവര്‍ത്തിക്കാനോ പാടില്ല. ബോട്ട് ജെട്ടികളുടെ സുരക്ഷ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും പറഞ്ഞുകൊണ്ടാണ് ബോട്ടിങ്ങിന് ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക വിലക്ക് കളക്ടര്‍ പിന്‍വലിച്ചത്.

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ റിവര്‍ വ്യൂ, ബിഗ് ബി, അകലാപ്പുഴ, മിസ്ബ, ക്യൂന്‍ ഓഫ് അകലാപ്പുഴ, ലേക് വ്യൂ, ഗെനാഡ് ശിക്കാര, തത്തമ്മ, വിങ്‌സ് ഓഫ് അകലാപ്പുഴ എന്നീ ഒമ്പത് ബോട്ടുകള്‍ക്ക് മാത്രമാണ് സര്‍വ്വീസ് നടത്താന്‍ അനുമതി ലഭിച്ചത്.

ലൈസന്‍സുള്ള ജീവനക്കാരാണ് ബോട്ടുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത് എന്ന് ഉറപ്പാക്കണം. ജനങ്ങളുടെ സുരക്ഷ പ്രധാനമായതിനാല്‍ ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് എന്നിവ ഇല്ലാതെ ബോട്ട് യാത്ര അനുവദിക്കാന്‍ പാടില്ല. പഞ്ചായത്തിന്റെ സാങ്കേതിക വിഭാഗം ബോട്ട് ജെട്ടികള്‍ പരിശോധിച്ച് സുരക്ഷിതമെന്ന് ഉറപ്പുവരുത്തണം.

ജെട്ടികളില്‍ ബോട്ടിന്റെ പേര്, രജിസ്‌ട്രേഷന്‍ നമ്പര്‍, പാസഞ്ചര്‍ കപ്പാസിറ്റി, ഫിറ്റ്‌നസ്, ഇന്‍ഷുറന്‍സ് കാലാവധി എന്നിവ പ്രദര്‍ശിപ്പിക്കണം. ബോട്ടുകളില്‍ നിന്ന് ജലാശയം മലിനീകരിക്കപ്പെടുന്നില്ല എന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. കൂടാതെ ജെട്ടികളിലും ബോട്ടുകളിലും മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ ഉണ്ടാവണം.

ജലഗതാഗത പാതയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്ക് ബോട്ട് സര്‍വ്വീസ് ഒരുതരത്തിലുള്ള തടസവും സൃഷ്ടിക്കരുത്. മേല്‍പ്പറഞ്ഞ എല്ലാ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നുവെന്ന് പൊലീസും തഹസില്‍ദാരും ഉറപ്പുവരുത്തേണ്ടതാണെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.