ഇരിങ്ങല്‍ കൊട്ടക്കലില്‍ മണല്‍വാരുന്നതിനിടെ തോണി അടിയൊഴുക്കില്‍പ്പെട്ടു; രണ്ട് തൊഴിലാളികള്‍ അത്ഭുകരമായി രക്ഷപ്പെട്ടു, തോണി തകര്‍ന്നു
കോട്ടക്കല്‍: കോട്ടക്കലില്‍ പുഴയിലെ അടിയൊഴുക്കില്‍പ്പെട്ട് തോണി പൂര്‍ണമായി തകര്‍ന്നു. തോണിയിലുണ്ടായിരുന്ന രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെ കുറ്റ്യാടിപ്പുഴ കടലിനോടു ചേരുന്ന സാന്റ്ബാങ്ക്‌സിന് അടുത്തായുള്ള അഴിമുഖത്തായിരുന്നു സംഭവം.
ശിവപ്രസാദും തെക്കേ കോട്ടോല്‍ സതീശനുമാണ് തോണിയിലുണ്ടായിരുന്നത്. പുഴയില്‍ ശക്തമായ അഴിയൊഴുക്ക് പ്രകടമാകുകയും തോണി ഒഴുക്കില്‍പ്പെട്ട് കടലിലേക്ക് പോകുന്നതായും തോന്നിയതോടെ ഇരുവരും വെള്ളത്തില്‍ ചാടി നീന്തി രക്ഷപ്പെടുകയായിരുന്നെന്ന് പ്രദേശവാസിയും മണല്‍വാരല്‍ തൊഴിലാളിയുമായ സജിത്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
രണ്ടുപേര്‍ക്കും അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ വള്ളം ഉപയോഗിക്കാന്‍ കഴിയാത്തവണ്ണം തകര്‍ന്നിട്ടുണ്ടെന്നും സജിത്ത് പറഞ്ഞു. ഏറെ സമയത്തിനുശേഷമാണ് വള്ളം കരയ്ക്കടിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പയ്യോളി നഗരസഭ ഉപാധ്യക്ഷ സി.പി.ഫാത്തിമ, സ്ഥിരം സമിതി അധ്യക്ഷരായ പി.എം.ഹരിദാസന്‍, സുജല ചെത്തിന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.