”പുരസ്‌കാര നേട്ടത്തില്‍ സന്തോഷം, ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയത് ഗുണം ചെയ്തു” മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള കൊയിലാണ്ടി താലൂക്ക് ഭരണകൂടത്തിന്റെ പുരസ്‌കാരം നേടി കീഴരിയൂര്‍ സ്വദേശി ശ്രീജിത്ത്


കൊയിലാണ്ടി: ഏല്‍പ്പിച്ച കര്‍ത്തവ്യങ്ങള്‍ ഉത്തരവാദിത്തത്തോടെ ചെയ്യാനാണ് ശ്രമിച്ചതെന്ന് കൊയിലാണ്ടി താലൂക്ക് റവന്യൂ ഭരണകൂടം ഏര്‍പ്പെടുത്തിയ 2022-23 വര്‍ഷത്തെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള പുരസ്‌കാരം നേടിയ ശ്രീജിത്ത് വി.ജി. ഇത്തരമൊരു അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. താലൂക്കിലെ 31 വില്ലേജ് ഓഫീസുകളില്‍ നിന്നാണ് ബാലുശ്ശേരി വില്ലേജ് ഓഫീസരായ ശ്രീജിത്തിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

കീഴരിയൂര്‍ സ്മിത നിവാസില്‍ ശ്രീജിത്ത് 19 വര്‍ഷത്തോളമായി വില്ലേജ് ഓഫീസറായി വിവിധയിടങ്ങളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. തിക്കോടി, ചക്കിട്ടപ്പാറ, കാക്കൂര് വില്ലേജ് ഓഫീസുകളില്‍ ജോലി ചെയ്തതിന്റെ അനുഭവ സമ്പത്തുമായാണ് അദ്ദേഹം ബാലുശ്ശേരി വില്ലേജ് ഓഫീസറായി ചുമതലയേറ്റെടുത്തത്.

കെട്ടിടനികുതി ഏറ്റവും കൂടുതല്‍ പിരിച്ചത്, സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചത്, കമ്പ്യൂട്ടര്‍ അധിഷ്ഠിത ഇ.ഓഫീസ് സംവിധാനം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയത് തുടങ്ങിയ കാര്യങ്ങളാണ് പരിഗണനയില്‍ വന്നത്. ചെയ്തുതീര്‍ക്കാനുള്ള കാര്യങ്ങള്‍ ഓഫീസ് സമയത്തിന് ശേഷം വീട്ടിലിരുന്നും ചെയ്യാറുണ്ടെന്നും അതിനാലാണ് ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയതും ഏറെ ഗുണം ചെയ്‌തെന്നും അദ്ദേഹം പറയുന്നു.

ഷിബിലിയാണ് ഭാര്യ. നേഹ, നൈഹ എന്നിവര്‍ മക്കളാണ്.


Related News: കൊയിലാണ്ടി റവന്യൂ ഭരണകൂടം ഏര്‍പ്പെടത്തിയ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള പുരസ്‌കാരം ബാലുശ്ശേരി വില്ലേജ് ഓഫീസര്‍ക്ക്