ട്രോളിംഗ് നിരോധനം നാളെ അര്‍ധരാത്രി മുതല്‍; നിരോധനം ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടി


കോഴിക്കോട്: ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി നിലവില്‍ വരും. ജൂൺ പത്ത് മുതൽ ജൂലായ് 31 വരെയുള്ള 52 ദിവസ കാലയളവിലാണ് നിരോധനം. നിരോധനം ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. നിരോധന കാലത്ത് ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളം മാത്രമാണ് അനുവദിക്കുക. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ്, ബയോമെട്രിക് ഐ ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധമാക്കും.

നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ പട്രോളിംഗിനായി ഫിഷറീസ് വകുപ്പ് സ്‌പെഷ്യല്‍ ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി സീ റെസ്‌ക്യൂ ഗാര്‍ഡുകളുടെ സേവനവും ഉറപ്പാക്കും. അടിയന്തര സാഹചര്യം നേരിടുന്നതിന് പ്രത്യേക പരിശീലനം നേടിയ റസ്‌ക്യൂ ഗാര്‍ഡുകളുടെ സേവനവും ലഭ്യമാകും. ജില്ലയിലെ നാല് ഹാര്‍ബറുകളിലായി ട്രോളിംഗ് നിരോധന കാലയളവില്‍ കടല്‍ രക്ഷാപ്രവര്‍ത്തനത്തിനായി 32 റസ്‌ക്യൂ ഗാര്‍ഡുമാരെയാണ് സജ്ജമാക്കിയിട്ടുള്ളത്. കടല്‍ രക്ഷാപ്രവര്‍ത്തനത്തിനും മറ്റുമായി 106 പേരാണ് നിലവില്‍ ഗോവയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയത്. കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കും. ആവശ്യമായ ബോട്ടുകളും മറൈന്‍ ആംബുലന്‍സ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

ഹാര്‍ബറുകളിലെ ഡീസല്‍ബങ്കുകള്‍ അടയ്ക്കും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഇന്ധനത്തിനായി മത്സ്യഫെഡ് ബങ്കുകള്‍ അനുവദിക്കും. ഇതര സംസ്ഥാന ബോട്ടുകള്‍ ജൂണ്‍ ഒമ്പതിന് മുമ്പായി കേരളതീരം വിട്ട് പോകണം. ഇത് ലംഘിക്കുന്ന യാനം ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജൂണ്‍ ഒമ്പതിന് വൈകീട്ടോടെ മുഴുവന്‍ ട്രോളിംഗ് ബോട്ടുകളും കടലില്‍ നിന്നും മാറ്റിയിട്ടുണ്ടെന്ന് ഉറപ്പാക്കും. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.

ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുമെന്ന് ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുധീര്‍ കിഷന്‍ അറിയിച്ചു. ഫിഷറീസ് കണ്‍ട്രോള്‍ റൂം നമ്പര്‍- 0495-2414074, 0495-2992194, 9496007052, കോസ്റ്റ് ഗാര്‍ഡ് – 1554.