ലഹരി സംഘങ്ങളുടെ കേന്ദ്രമായി മാറി ബാലുശ്ശേരിയും സമീപ പ്രദേശങ്ങളും; ഏജന്റുകളായി രംഗത്തിറങ്ങുന്നത് യുവാക്കള്‍: ലഹരി ഒഴുക്ക് തടയാന്‍ ശക്തമായ പരിപാടികളുമായി പൊലീസ്


ബാലുശ്ശേരി: ബാലുശ്ശേരിയുടെ വിവിധ ഭാഗങ്ങള്‍ ലഹരിവില്‍പ്പന സംഘങ്ങളുടെ കേന്ദ്രമാകുന്നു. എം.ഡി.എം.എ അടക്കമുള്ള മാരക ലഹരിവസ്തുക്കള്‍ ടൗണിലെ വിവിധ കോണുകളില്‍ സുലഭമാണ്.

കിനാലൂര്‍, കുറുമ്പൊയില്‍, ബാലുശ്ശേരി, എരമംഗലം തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്‍പന പൊടിപൊടിക്കുന്നത്. ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്‌സുകളിലെ കോണിക്കൂടുകളിലും കൈരളി റോഡില്‍ ചിറക്കല്‍ കാവ് ക്ഷേത്രം റോഡിലെ പണി പൂര്‍ത്തിയാകാത്ത കെട്ടിടങ്ങളിലുമൊക്കെ ലഹരി ഉപയോഗിക്കാന്‍ യുവാക്കള്‍ എത്തുന്നുണ്ട്.

ഹൈസ്‌കൂള്‍ റോഡില്‍ സന്ധ്യ തിയറ്ററിന്റെ സമീപത്തെ ഇടവഴികളും കിനാലൂരില്‍ വ്യവസായ എസ്റ്റേറ്റിന്റെ പിന്നിലെ ആളൊഴിഞ്ഞ പ്രദേശങ്ങളും ലഹരി വില്‍പനക്കാരുടെയും ഉപയോഗിക്കുന്നവരുടെയും താവളമാണ്.

ഒരു മാസത്തിനിടെ മാരകമായ ലഹരി വസ്തുക്കളുമായി ഒരു ഡസനോളം ചെറുപ്പക്കാരാണ് ബാലുശേരിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിയിലായത്. എരമംഗലത്ത് ആളൊഴിഞ്ഞ വീട്ടുപറമ്പില്‍ വെച്ചാണ് കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്. കിനാലൂരില്‍ കാറിലെത്തിയ സംഘമാണ് ലഹരിവസ്തുക്കളുമായി പൊലീസിന്റെ പിടിയിലായത്.

ഞായറാഴ്ച എസ്റ്റേറ്റ് മുക്കില്‍ പരിശോധനക്കിടെ കാറുമായെത്തിയ മൂന്നു യുവാക്കള്‍ പൊലീസിന്റെ പിടിയില്‍പ്പെട്ടു. ഇവരില്‍ നിന്നും എം.ഡി.എം.എയും ഹഷീഷ് ഓയിലും കഞ്ചാവുമാണ് കണ്ടെടുത്തത്.

വിദ്യാര്‍ഥികളെയാണ് ലഹരിസംഘങ്ങള്‍ പ്രധാനമായും നോട്ടമിടുന്നത്. അതിനാലാണ് യുവാക്കളെ വില്‍പ്പനയ്ക്കായി രംഗത്തിറക്കുന്നത്. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വിദ്യാര്‍ഥികളോടൊപ്പം വിദ്യാര്‍ഥിനികളും ലഹരി വില്‍പനയുടെ ഏജന്റുകളായി പ്രവര്‍ത്തിക്കുന്നുണ്ട്.

ബാലുശ്ശേരി പൊലീസ് നേതൃത്വത്തില്‍ ലഹരി ഒഴുക്കിനെതിരെ ജാഗ്രത വിഭാഗംതന്നെ രൂപവത്കരിച്ച് പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. കര്‍ശന നടപടികളുടെ ഭാഗമായി പട്രോളിങ്ങും റെയ്ഡും ശക്തമാക്കിയിട്ടുണ്ട്.