നരിക്കുനിയില്‍ വീട്ടുവളപ്പിലെ കിണറിൽ നിന്ന് ദുര്‍ഗന്ധം; പരിശോധിച്ചപ്പോള്‍ കിട്ടിയത് ബാലുശ്ശേരി സ്വദേശിയായ 22 കാരന്റെ മൃതദേഹം


ബാലുശ്ശേരി: നരിക്കുനിയിൽ വീട്ടുവളപ്പിലെ കിണറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബാലുശ്ശേരി ഇയ്യാട് സ്വദേശിയായ 22 കാരൻ അൽ അമീന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ നരിക്കുനിക്ക് സമീപം പന്നിക്കോട്ടൂർ വീട്ടിൽ മുഹമ്മദിന്റെ വീട്ടിലെ കിണറ്റിലാണ് മൃത​ദേഹം കണ്ടെത്തിയത്.

വീട്ടിലെ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കിണർ പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് കൊടുവള്ളി പൊലീസിനെയും നരിക്കുനി അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു. ഇരു സംഘവും സ്ഥലത്തെത്തി കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

മൃതദേഹം കരയ്ക്കെടുത്തുവെങ്കിലും ആദ്യം ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന സാമൂഹ്യ മാധ്യമങ്ങളിൽ കൂടി ഫോട്ടോ പ്രചരിച്ചതോടെയാണ് ആളെ തിരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊടുവള്ളി പൊലീസ് അറിയിച്ചു.