ജോലി അന്വേഷിച്ച് മടുത്തോ എങ്കില്‍ ഇന്ന് വടകരക്ക് പോന്നോളൂ; ആയിരത്തോളം തൊഴിലവസരങ്ങളുമായി ഇന്ന് തൊഴില്‍മേള


വടകര: വടകര നഗരസഭയും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വകുപ്പും ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന തൊഴില്‍മേള ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വടകര ടൗണ്‍ഹാളില്‍ നടക്കും. തൊഴില്‍ദാതാക്കളായ 66 പ്രമുഖ കമ്പനികള്‍ പങ്കെടുക്കും.

9548 തൊഴിലന്വേഷകര്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. ഇതില്‍ 1000 പേര്‍ക്കെങ്കിലും ഈ രണ്ടു ദിവസങ്ങളിലായി തൊഴില്‍നല്‍കുകയാണ് ലക്ഷ്യം. തൊഴില്‍മേളയില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ആയിരത്തിലേറെ ഒഴിവുകള്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെഡിക്കല്‍, പാരാമെഡിക്കല്‍, ഐടി, എഞ്ചിനിയറിങ്, അഗ്രിക്കള്‍ച്ചര്‍, ഫിഷറീസ്, കൊമേഴ്‌സ്, ഹോസ്പിറ്റാലിറ്റി, ട്രാവല്‍ ആന്റ് ടൂറിസം തുടങ്ങി വിവിധ മേഖലകളിലെ തൊഴിലവസരങ്ങളാണ് വിഎച്ച്എസ്ഇ കോഴ്‌സ് പഠിച്ചവര്‍ക്ക് ലഭ്യമാവുക. നഴ്‌സിംഗില്‍ മാത്രം നൂറോളം ഒഴിവുകളുണ്ട്.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍നിന്നായി 18-നും 35-നും ഇടയില്‍ പ്രായമുള്ളവര്‍ ഒന്നാംതീയതിയും മറ്റുള്ളവര്‍ രണ്ടാംതീയതിയും പങ്കെടുക്കും. നഗരസഭാ ചെയര്‍പേഴ്‌സന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ്‌ചെയ്തിട്ടുള്ള ക്യൂ.ആര്‍. കോഡ് വഴി ഇവര്‍ക്ക് രജിസ്റ്റര്‍ചെയ്യാം.

കൂടാതെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ലഭ്യമാണ്. 55 കൗണ്ടറുകളാണ് അഭിമുഖത്തിനായി സജ്ജമാക്കുന്നത്.