കൊയിലാണ്ടിയിൽ ഇറങ്ങേണ്ട യുവതി ട്രെയിൻ മാറിക്കയറി കോഴിക്കോട് ഇറങ്ങി; ഷാൾ അഴിച്ചുവാങ്ങി ആൾക്കൂട്ടത്തിൽ അപമാനിച്ച് റെയിൽവെ ഉദ്യോഗസ്ഥ, പരാതി



ചിത്രം: ആരോപണ വിധേയയായ ഉദ്യോഗസ്ഥ

കൊയിലാണ്ടി: ട്രെയിൻ മാറിക്കയറിയ ബാലുശ്ശേരി സ്വദേശിനിയായ യുവതിയെ യാത്രക്കാരുടെ മുന്നിൽ പരസ്യമായി അപമാനിതായി പരാതി. ഷാൾ ടിക്കറ്റ് എക്സാമിനർ പിടിച്ചെടുത്തതായും യുവതി പറഞ്ഞു. ബാലു​ശ്ശേരി ചളുക്കിൽ നൗഷത്താണ് പരാതിക്കാരി. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

തല​ശ്ശേരിയിലാണ് ഭർത്താവിന്റെ വീട്. അവിടെ നിന്നും നാട്ടിലേക്ക് വരുന്നതിനായി തലശ്ശേരിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു യുവതി. മെമു ട്രെയിനിന് കൊയിലാണ്ടിക്കാണ് ടിക്കറ്റ് എടുത്തത്. 3.40 നാണ് മെമു തലശ്ശേരിയിൽ എത്തുക. എന്നാൽ അതിന് മുമ്പ് വന്ന ഇന്റർസിറ്റിയിൽ യുവതി മാറിക്കയറി. കൊയിലാണ്ടി സ്റ്റോപ്പില്ലാത്തതിനാൽ കോഴിക്കോട് ഇറങ്ങേണ്ടി വന്നു. റെയിൽവേ സ്റ്റേഷനിൽ വെച്ച് വനിത ഉദ്യോഗസ്ഥ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് അപമാനകാരമായ അനുഭവങ്ങൾ നേരിട്ടതെന്ന് യുവതി ആരോപിച്ചു.

ട്രെയിൻ മാറിപ്പോയതാണെന്നും പരിചയക്കുറവുണ്ടെന്നും ഒറ്റക്ക് യാത്ര ചെയ്ത് പരിചയമില്ലെന്നും പറഞ്ഞിരുന്നു. ഫൈൻ അടക്കാമെന്നും പറഞ്ഞു. ഭർത്താവി​നെ ഫോൺ വിളിക്കുന്നതിനിടയിൽ ഉദ്യോഗസ്ഥ തന്റെ ഷാൾ പിടിച്ചുവലിച്ചെന്നും പിന്നീടവർ ഷാളുമായി ഓഫിസിലേക്ക് പോയെന്നും യുവതി പറഞ്ഞു. അപമാനിതയായി പൊലീസ് എയ്ഡ് പോസ്റ്റിൽ ചെന്നപ്പോൾ അവർ സഹതാപമറിയിക്കുകയാണുണ്ടായതെന്നും പരാതി കൊടുത്താൽ പുലിവാലാകുമെന്നാണ് അവർ പറഞ്ഞതെന്നും യുവതി ആരോപിച്ചു.

ഷാളില്ലാതെ പ്രയാസമനുഭവിക്കുന്നത് മനസിലാക്കിയ ഒരു ഓട്ടോ ഡ്രൈവർ തനിക്ക് ഷാൾ എത്തിച്ചുതന്നു. ഫൈൻ അടച്ച ശേഷമാണ് ഉദ്യോ​ഗസ്ഥ ഷാൾ തിരികെ നൽകിയത്. ഇതിനിടയിൽ ഭർത്താവിന്റെ സുഹൃത്തെത്തി ഉദ്യോഗസ്ഥയോട് സംസാരിച്ചു. പരാതിയില്ല എന്ന് ഉദ്യോഗസ്ഥ നിർബന്ധിച്ച് എഴുതി വാങ്ങി. ഇതിനെതിരെ പൊലീസിലും വനിതാ കമ്മീഷനിലും പരാതി നൽകുമെന്ന് നൗഷത്ത് പറഞ്ഞു.

Summary: balusseri native womanwas insulted by railway official in kozhikode railway station for who unknowingly changed train