പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു


ദുബായ്: ഇനിയില്ല, ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന ഒറ്റ പരസ്യ വാചകങ്ങളിലൂടെ മലയാളി മനസ്സിൽ ചേക്കേറിയ ആ വ്യവസായി. പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. ദുബായിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.

ഗള്‍ഫ് രാജ്യങ്ങളില്‍ അമ്പതോളം ശാഖകളുള്ള അറ്റ്‌ലസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനായിരുന്നു രാമചന്ദ്രൻ. ജയിൽ മോചിതൻ ആയിട്ടും ഇന്ത്യയിലേക്ക് മടങ്ങണം എന്ന സ്വപ്നം ബാക്കിയാക്കിയാണ് അറ്റ്‍ലസ് രാമചന്ദ്രന്‍ററെ മരണം. വളരെയധികം കഠിന പ്രയത്നത്തിലൂടെയും വീക്ഷണത്തിലൂടെയും പടിത്തുയർത്ത ബിസിനസ്സിൽ 2015 കാലഘട്ടത്തിൽ തിരിച്ചടികൾ നേരിട്ടു. വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിന്‍റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതിനേത്തുടര്‍ന്ന് അറസ്റ്റിലായി. ദുബായിയിൽ അറ്റ്ലസ് രാമചന്ദ്രന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും അനഭവിക്കേണ്ടി വന്നു. കഴിഞ്ഞ ഓഗസ്റ്റിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നാഘോഷിച്ച എൺപതാം പിറന്നാളിൽ തന്റെ പുതിയ ബിസിനസ് സംരംഭങ്ങൾ അദ്ദേഹം പങ്കുവെച്ചിരുന്നു.

വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു.

മലയാളത്തിലെ പല ഹിറ്റു ചിത്രങ്ങളുടേയും നിർമ്മാതാവാണ്. ചന്ദ്രകാന്ത ഫിലിംസ് എന്ന പേരിലുള്ള ഒരു സിനിമാനിര്‍മ്മാണ കമ്പനിയും രാമചന്ദ്രന്റേതായുണ്ട്. വൈശാലി, സുകൃതം, ധനം, വാസ്തുഹാര, കൗരവര്‍, ചകോരം, ഇന്നലെ, വെങ്കലം തുടങ്ങിയ ചലച്ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ നിർമ്മാണത്തിൽ വിരിഞ്ഞ സിനിമകളാണ്.