അമ്മാവന്റെ കൈപിടിച്ച് കഥകളിയിലേക്ക്, ഇന്ന് സംസ്ഥാനതലത്തില്‍ എ ഗ്രേഡ്; വിജയതിളക്കത്തില്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അതുല്‍ജിത്ത് ആര്‍


കൊയിലാണ്ടി: മാസങ്ങള്‍ നീണ്ട പരിശീലനം, ഊണും ഉറക്കവും ഒഴിഞ്ഞ ദിവസങ്ങള്‍…ഒടുവില്‍ കഥകളിയില്‍ എ ഗ്രേഡ് വിജയം നേടി തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ അതുല്‍ജിത്ത് ആര്‍. ആണ്‍കുട്ടികളുടെ സിംഗിള്‍ വിഭാഗം കഥകളി മത്സരത്തിലാണ് അതുല്‍ജിത്ത് എ ഗ്രേഡ് കരസ്ഥമാക്കിയത്. കഴിഞ്ഞ തവണത്തെ സംസ്ഥാന കലോത്സവത്തില്‍ കഥകളിയില്‍ ബി ഗ്രേഡായിരുന്നു ഈ മിടുക്കന്.

തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അതുല്‍ജിത്തിനെ അമ്മയുടെ സഹോദരന്‍ ലിജീഷ് ആണ് കഥകളിയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത്. ശ്രീരാമകൃഷ്ണ മിഷന്‍ സ്‌ക്കൂളിലെ അദ്ധ്യാപകനും ചുട്ടി അദ്ധ്യാപകനുമായ ലിജീഷ് വര്‍ഷങ്ങളായി കഥകളി രംഗത്തുണ്ട്. ലിജീഷാണ് അതുല്‍ജിത്തിന്റെ ആദ്യ ഗുരു.

കഴിഞ്ഞ ആറ് വര്‍ഷമായി ചേലിയ കഥകളി വിദ്യാലയത്തിലാണ് അതുല്‍ജിത്ത് കഥകളി പഠിക്കുന്നത്. കലാമണ്ഡലം പ്രേംകുമാറാണ് ഗുരു. ചേട്ടനെപ്പോലെ തന്നെ അനിയന്‍ റിതുലും കലാരംഗത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്. ചെങ്ങോട്ട്കാവ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായ റിതുലിന് ചെണ്ടയിലാണ് താല്‍പര്യം.

എളാട്ടേരി കൂളിമഠത്തില്‍ രഞ്ജു-ലിജിത എന്നിവരാണ് മാതാപിതാക്കള്‍.