തുമ്പപ്പൂവും, കാക്കപ്പൂവും തേടിയുള്ള യാത്രകൾ ഇന്ന് തുടങ്ങുകയാണ്; മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമേകി അത്തം പിറന്നു; പൊന്നോണത്തെ വരവേൽക്കാനൊരുങ്ങി നാടും നാട്ടാരും
കോഴിക്കോട്: പൂക്കളമിട്ട്, ഊഞ്ഞാലിലാടി, തിരുവോണം നാള്‍ മാവേലിയെ നടുമുറ്റത്ത് കുടിയിരുത്തി, ഓണപ്പന്തുകളിയും, ഓണത്തല്ലും, വീട്ടിനുള്ളിലും പുറത്തും ഉള്ളവര്‍ക്ക് ഓണക്കോടിയും, വിഭവസമൃദ്ധമായ സദ്യയും ഒക്കെയായി ഓണത്തെ വരവേൽക്കാൻ നാട് ഒരുങ്ങി. പ്രതീക്ഷയുടെ നിറവില്‍ ഇന്ന് അത്തം ഒന്ന്. ഇനി പത്തുനാള്‍ മലയാളികള്‍ക്ക് ഓണകാലമാണ്.
ഏറെ കാത്തിരുന്ന അത്തം പിറന്നതോടെ മലയാളി ഓണത്തിരക്കിലേക്ക് കടക്കുകയാണ്. എന്നാൽ ഇന്നലെ അപ്രതീക്ഷിതമായി എത്തിയ മഴ സംസ്ഥാനത്തെ പലയിടങ്ങളിലും ഭീതിയും ആശങ്കയും പടർത്തി. ക്രമാതീതമായി വെള്ളം കയറാൻ തുടങ്ങിയതോടെ ഓണത്തെ മുൻകണ്ട് വാങ്ങിയ സാധനങ്ങളെല്ലാം പലയിടത്തും വെള്ളത്തിലായി. പലരെയും വീടുകളിൽ നിന്ന് മാറ്റി പാർപ്പിച്ചു. ഇത്തവണത്തേത് ജാഗ്രതയുടെ ഓണം കൂടിയാണ്.
പത്തുനാള്‍ വീട്ടുമുറ്റങ്ങളില്‍ പൂക്കളമൊരുക്കി മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നു. വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ കേരളം വാണിരുന്ന അസുര ചക്രവര്‍ത്തി മഹാബലി തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് തിരുവോണമെന്നാണ് വിശ്വാസം. തിരുവോണ നാളില്‍ പ്രജകളെ കാണാനെത്തുന്ന മഹാബലി ചക്രവര്‍ത്തിയെ സ്വീകരിക്കുന്നതിനായാണ് പ്രജകള്‍ പൂക്കളം ഒരുക്കിയിരുന്നതെന്നാണ് ഐതീഹ്യം.
ഇത്തവണ സെപ്റ്റംബര്‍ ഏഴിന് ഒന്നാം ഓണം അഥവാ ഉത്രാടം. സെപ്റ്റംബര്‍ എട്ടിനാണ് തിരുവോണം. സെപ്റ്റംബര്‍ ഒന്‍പതിന് മൂന്നാം ഓണമാണ്. നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും ഇത്തവണ ഒരേ ദിവസമാണ്, സെപ്റ്റംബര്‍ 10-ന്. ശ്രീനാരായണ ഗുരു ജയന്തി ആയതിനാല്‍ ഇത്തവണ നാലാം ഓണത്തിനും അവധിയായിരിക്കും. പിറ്റേന്ന് സെപ്റ്റംബര്‍ 11 ഞായറാഴ്ചയാണ്. ഒന്നാം ഓണമായ സെപ്റ്റംബര്‍ ഏഴ് ബുധന്‍ മുതല്‍ തുടര്‍ച്ചയായ അഞ്ച് ദിവസം അവധിയായിരിക്കും.