കോഴിക്കോട്ടെ സ്വര്‍ണ്ണം പൊട്ടിക്കല്‍ കേസ്: അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍


കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണം പൊട്ടിക്കല്‍ കേസില്‍ കണ്ണൂരിലെ ക്വട്ടേഷന്‍ നേതാവ് അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി കൊണ്ടോട്ടി പൊലീസ് അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയാണ് ഇയാള്‍.

ഉമ്മര്‍ കോയ എന്നയാളുമായി ചേര്‍ന്ന് നടത്തിയ സ്വര്‍ണ്ണം പൊട്ടിക്കല്‍ കേസിലാണ് അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്തത്. ദുബായില്‍ നിന്ന് കൊണ്ടുവന്ന 975 ഗ്രാം സ്വര്‍ണ്ണം കരിപ്പൂരിലെത്തിച്ച് തട്ടിയെടുക്കാനായിരുന്നു ഇവരുടെ പദ്ധതി.

കരിപ്പൂരില്‍ ഒരു മാസം മുമ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളിലടക്കം പൊലീസ് എത്തിയിരുന്നു. ഇതിന് ശേഷമാണ് പൊലീസിന് അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിയുന്ന സ്ഥലത്തെ കുറിച്ച് രഹസ്യവിവരം ലഭിച്ചത്.

2021 ലെ രാമനാട്ടുകാര സ്വര്‍ണക്കള്ളക്കടത്ത് ക്വട്ടേഷന്‍ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ജുന്‍ ആയങ്കിയുടെ പേര് ആദ്യം ഉയര്‍ന്നുവന്നത്. കേസില്‍ അറസ്റ്റിലായിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങുകയായിരുന്നു.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അര്‍ജുന്‍ ആയങ്കി പാര്‍ട്ടിയുടെ മറ പിടിച്ച് സ്വര്‍ണക്കടത്തും ഗുണ്ടാപ്രവര്‍ത്തനവും നടത്തുകയായിരുന്നു. ഡി.വൈ.എഫ്.ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അര്‍ജുന്‍ ആയങ്കി ചാലാട് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്.

പിന്നീട് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ അര്‍ജുന്‍ ആയങ്കിക്ക് വലിയ പിന്തുണയുണ്ട്. എന്നാല്‍ ഈയടുത്തായി സോഷ്യല്‍ മീഡിയയിലൂടെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിനെതിരേ അര്‍ജുന്‍ ആയങ്കി രംഗത്ത് വന്നതോടെ പാര്‍ട്ടിക്ക് അനഭിമതനാവുകയായിരുന്നു. തുടര്‍ന്ന് അര്‍ജുന്‍ ആയങ്കിയെ സ്ഥിരം കുറ്റവാളിയായി കണക്കാക്കി കാപ്പ ചുമത്താന്‍ വരെ ശുപര്‍ശ ചെയ്തിരുന്നു.

Summary: Arjun Ayanki arrested in gold smuggling case Kozhikode.