ഒരു എലിപ്പനി മരണവും വിവിധയിടങ്ങളിൽ രോഗവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അരിക്കുളത്ത് കടുത്ത ജാഗ്രത നിർദ്ദേശം; കൃഷിഭവൻ വഴി മരുന്നുകൾ വിതരണം ചെയ്യുന്നു; വിശദ വിവരങ്ങളറിയാം
അരിക്കുളം: എലിപ്പനി ജീവൻ കവർന്ന സാഹചര്യത്തിൽ അരിക്കുളത്ത് കടുത്ത ജാഗ്രത നിർദ്ദേശം. ഗ്രാമപഞ്ചായത്തിൽ ഒരു എലിപ്പനി മരണവും വിവിധ വാർഡുകളിൽ രോഗവും റിപ്പോർട്ട് ചെയ്തതോടെയാണ് കടുത്ത ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചത്.
പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. സെപ്തംബർ രണ്ടിനുളളിൽ മുഴുവൻ വാർഡുകളിലും ബോധവൽക്കരണ പദ്ധതി സംഘടിപ്പിക്കാൻ തീരുമാനമെടുത്തു. ക്ഷീരകർഷകർ, കർഷകർ, കർഷക തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ, ആശ പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ബോധവത്കരണ പരിപാടി സംഘടിപ്പിക്കാനാണ് പദ്ധതി.
ഇതുകൂടാതെ മരുന്നുകൾ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. എലി നശികരണത്തിനുള്ള മരുന്നു കൃഷിഭവൻ മുഖാന്തിരം നൽകും. റിസ്ക്ക് മേഖലകളിലെ തൊഴിലാളികൾക്ക് ടോക്സി ഗുളികൾ നൽകാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ വൈസ പ്രസിഡണ്ട് കെ.പി രജനി, സ്ഥിരം സമിതി ചെയർമാൻമാരായ എം.പ്രകാശൻ, ബിനിത എൻ.എം, എൻ.വി നജീഷ് കുമാർ, മെഡിക്കൽ ഓഫിസർമാരായ ഡോ.സി സ്വപ്ന, ഡോ.രമ്യ സി.കെ, അമൃത ബാബു, മുജീബ് റഹമാൻ, സജിത്ത്, പ്രിയേഷ് മറ്റ് ആരോഗ്യ പ്രവർത്തകർ, തൊഴിലുറപ്പ് മേറ്റുമാർ എന്നിവർ പങ്കെടുത്തു.