അരിക്കുളം കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; പ്രതി താഹിറ ലക്ഷ്യമിട്ടത് കുടുംബത്തിലെ അഞ്ച് പേരെ കൊല്ലാന്‍, കൂട്ടക്കൊല ഒഴിവായത് തലനാരിഴയ്ക്ക്
കൊയിലാണ്ടി: അരിക്കുളത്ത് ബന്ധുവായ പന്ത്രണ്ടുകാരനെ ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച കുട്ടിയുടെ മുഴുവന്‍ കുടുംബത്തെ ലക്ഷ്യമിട്ടാണ് പ്രതി കൃത്യം ആസൂത്രണം ചെയ്തത് എന്നാണ് ഇപ്പോള്‍ പുറത്തുവന്ന ഞെട്ടിക്കുന്ന വിവരം. ഈ കുടുംബത്തോടുള്ള മുന്‍വൈരാഗ്യം കാരണമാണ് താഹിറ ക്രൂരകൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.
മരിച്ച അഹമ്മദിന്റെ മാതാപിതാക്കളെയും മൂന്ന് മക്കളെയും കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് താഹിറ പദ്ധതി ആസൂത്രണം ചെയ്തത്. ഇതിന്റെ ഭാഗമായാണ് അരിക്കുളത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഫാമിലി പാക്ക് ഐസ്‌ക്രീം വാങ്ങുകയും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി അതില്‍ എലിവിഷം ചേര്‍ക്കുകയും ചെയ്തത്. ഈ ഐസ്‌ക്രീം സഹോദരന്‍ മുഹമ്മദലിയുടെ കുടുംബത്തിന് നല്‍കി അഞ്ച് പേരെയും കൊല്ലുകയായിരുന്നു താഹിറയുടെ ലക്ഷ്യം.
ഐസ്‌ക്രീമില്‍ വിഷം ചേര്‍ക്കുന്നത് വരെ താഹിറ ഉദ്ദേശിച്ചത് പോലെ കാര്യങ്ങള്‍ നടന്നു. എന്നാല്‍ ഞായറാഴ്ച വൈകീട്ട് കൊടുത്ത ഐസ്‌ക്രീം അഹമ്മദ് മാത്രമാണ് കഴിച്ചത്. ഉമ്മയും സഹോദരങ്ങളും ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലില്ലാതിരുന്നതിനാല്‍ മാത്രമാണ് രക്ഷപ്പെട്ടത്. അല്ലെങ്കില്‍ കൂട്ടക്കൊലപാതകത്തിന്റെ കൂടുതല്‍ ഞെട്ടിക്കുന്ന വാര്‍ത്തയാകുമായിരുന്നു അരിക്കുളത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യേണ്ടി വരിക.
ഐസ്‌ക്രീം അല്ല അഹമ്മദിന്റെ മരണകാരണം എന്ന് ഉറപ്പായതോടെ പ്രതിയിലേക്ക് എത്താന്‍ പൊലീസിന് അധികം സമയം വേണ്ടി വന്നില്ല. വിശദമായ അന്വേഷണത്തിനും ചോദ്യം ചെയ്യലുകള്‍ക്കുമൊടുവിലാണ് താഹിറയെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനൊടുവില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. സ്വത്ത് തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.
കോഴിക്കോട് റുറല്‍ ജില്ലാ പോലീസ് മേധാവി ആര്‍ കറപ്പസാമിയുടെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി. ആര്‍.ഹരിപ്രസാദ്, സി.ഐ. കെ.സി.സുബാഷ് ബാബു, എസ്.ഐ.വി.അനീഷ്, പി.എം.ശൈലേഷ്, ബിജു വാണിയംകുളം, സി.പി.ഒ.കരീം, ഗംഗേഷ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശോഭ, രാഖി, എസ്.സി.പി.ഒ ബിനീഷ്, എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.