ട്രെയിനില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കം; കുപ്പി പൊട്ടിച്ച് പരപ്പനങ്ങാടി സ്വദേശിയെ കുത്തിയ അക്രമി പിടിയില്‍


ഷൊര്‍ണൂര്‍: സീറ്റിനെച്ചൊല്ലിയുളള വഴക്ക് ട്രെയിനില്‍ യാത്രക്കാരന് നേരെയുള്ള അക്രമത്തില്‍ അവസാനിച്ചു. മരുസാഗര്‍ എക്‌സ്പ്രസ് ഷൊര്‍ണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. ഗുരുവായൂര്‍ സ്വദേശി അസീസാണ് ഇയാളെ കുത്തിയത്.

സീറ്റിനെചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരില്‍ പിടിച്ചിട്ടപ്പോള്‍ ട്രാക്കിലേക്ക് ഇറങ്ങിയ അസീസ് അവിടെയുണ്ടായിരുന്ന കുപ്പി പൊട്ടിച്ച് അതിന്റെ കഷ്ണവുമായി ട്രെയിനിലേക്ക് തിരിച്ചുകയറി കുത്തുകയായിരുന്നു.

ദേവദാസിന്റെ കണ്ണിനാണ് കുത്തേറ്റത്. ഇയാളെ ആദ്യം ഷൊര്‍ണൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആക്രമിയെ ആര്‍.പി.എഫ് പിടികൂടി. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.