രക്ഷകനായി മാര്‍ട്ടിനസ്, രണ്ട് പെനാല്‍റ്റി കിക്കും ഒരു അസിസ്റ്റുമായി മെസി; ഖത്തര്‍ ലോകകപ്പില്‍ നെതര്‍ലന്റ്‌സിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി അര്‍ജന്റീന സെമി ഫൈനലില്‍ (വീഡിയോ കാണാം)


ദോഹ: ഓരോ നിമിഷത്തിലും ആവേശവും സസ്‌പെന്‍സും നിറഞ്ഞ ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ ഖത്തര്‍ ലോകകപ്പിന്റെ സെമിയില്‍ കടന്ന് അര്‍ജന്റീന. ക്വാര്‍ട്ടര്‍ ഫൈനലില്‍ എതിരാളികളായ നെതര്‍ലന്റ്‌സിനെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് സെമിയിലേക്ക് ചിറകടിച്ചുയര്‍ന്നത്. നേരത്തേ ക്വാര്‍ട്ടറില്‍ ബ്രസീലിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച ക്രൊയേഷ്യയാണ് സെമിയില്‍ അര്‍ജന്റീനയുടെ എതിരാളികള്‍.

ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് ആണ് അര്‍ജന്റീനയുടെ രക്ഷകനായത് എന്ന് നിസംശയം പറയാം. ഷൂട്ടൗട്ടില്‍ ഓറഞ്ച് പടയുടെ രണ്ട് കിക്കുകളാണ് മാര്‍ട്ടിനസ് തടഞ്ഞിട്ടത്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും സമനിലയിലായതോടെയാണ് മത്സരത്തിന്റെ വിധി നിര്‍ണ്ണയിക്കാന്‍ ഷൂട്ടൗട്ടിലേക്ക് കടന്നത്.

നിശ്ചിത സമയത്തും ഇന്‍ജുറി ടൈമിലും അര്‍ജന്റീനയായിരുന്നു മുന്നിട്ട് നിന്നത്. എന്നാല്‍ ഇന്‍ജുറി ടൈമിന്റെ അവസാന നിമിഷം നെതര്‍ലന്റ്‌സ് സമനില ഗോള്‍ അടിച്ചതോടെ സ്‌കോര്‍ 2-2 ആവുകയും മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയുമായിരുന്നു.

ആദ്യപകുതിയില്‍ 35-ാം മിനുറ്റില്‍ തന്നെ ഗോളടിച്ചാണ് നേരത്തേ അര്‍ജന്റീന മുന്നിലെത്തിയത്. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ മികവാര്‍ന്ന മുന്നേറ്റമാണ് ഗോളിലേക്ക് വഴി തുറന്നത്. ഡച്ച് പ്രതിരോധതാരങ്ങളെ സമര്‍ത്ഥമായി കബളിപ്പിച്ച് മെസി നല്‍കിയ പാസ് ഗോളാക്കി മാറ്റാന്‍ മൊളീനയ്ക്ക് അനായാസം കഴിഞ്ഞു.

നെതർലന്റ്സിന്റെ ഗോൾ ആഘോഷം


രണ്ടാം പകുതിയില്‍ 73-ാം മിനുറ്റിലാണ് അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ പിറക്കുന്നത്. നെതര്‍ലന്റ്‌സ് ബോക്‌സിനുള്ളില്‍ വച്ച് അര്‍ജന്റീനിയന്‍ താരം മാര്‍ക്കോസ് അക്യൂന നെതര്‍ലന്റ്‌സ് താരം ഡെന്‍സല്‍ ഡംഫ്രിസിന്റെ കാലില്‍ തട്ടി വീണതോടെ അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു.

വീഡിയോ കാണാം:

(ഷൂട്ടൗട്ടിന്റെ വീഡിയോ ഈ വാർത്തയുടെ അവസാന ഭാഗത്ത് കാണാം)


അര്‍ജന്റീനയ്ക്കായി അനായാസം പെനാല്‍റ്റി കിക്ക് എടുത്ത ലയണല്‍ മെസി ഗോള്‍ വീഴ്ത്തിയതോടെ സ്‌കോര്‍ 2-0. രണ്ട് ഗോളുകളുടെ ആധികാരികമായ മുന്‍തൂക്കത്തില്‍ കളി തുടരുമ്പോള്‍ 83-ാം മിനുറ്റിലാണ് നെതര്‍ലന്റ്‌സ് ആദ്യഗോളടിക്കുന്നത്.

പകരക്കാരനായി എത്തിയ സ്റ്റീവന്‍ ബെര്‍ഗ്യൂസ് ഉയര്‍ത്തിവിട്ട ക്രോസ് മറ്റൊരു പകരക്കാരനായ വൗട്ട് വെര്‍ഗ്‌ഹോസ്റ്റ് ഉയര്‍ന്നുചാടി ഹെഡ് ചെയ്താണ് ഗോള്‍ നേടിയത്. പിന്നീട് നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഇരുടീമുകളും വിട്ട് കൊടുത്തില്ല. അര്‍ജന്റീന വിജയം ഉറപ്പിച്ചെന്ന് കരുതിയ നിമിഷങ്ങള്‍… ഒടുവില്‍ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ലഭിച്ച ഫ്രീ കിക്കാണ് നെതര്‍ലന്റ്‌സിന് ജീവശ്വാസമായത്.

മത്സരത്തിനിടെയുണ്ടായ കയ്യാങ്കളി


രണ്ടാം പകുതി അവസാനിച്ചപ്പോള്‍ പത്ത് മിനുറ്റ് നീണ്ട ഇന്‍ജുറി ടൈമാണ് റഫറി അനുവദിച്ചത്. ഇതോടെ സമനില ഗോളിനായി നെതര്‍ലന്റ്‌സ് കഴിവിന്റെ പരമാവധി ശ്രമിച്ചു. ഒടുവില്‍ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോള്‍ നെതര്‍ലന്റ്‌സിന് അനുകൂലമായ ഫ്രീ കിക്ക് അര്‍ജന്റീനയുടെ ബോക്‌സിന് തൊട്ടു മുമ്പില്‍ നിന്ന് ലഭിച്ചത്.

സൂപ്പർ സേവർ എമിലിയാനോ മാർട്ടിനസ്


അര്‍ജന്റീന താരങ്ങളുടെ പ്രതിഷേധത്തിനിടെ കിക്കെടുത്ത പകരക്കാരന്‍ താരം കൂപ്‌മെയ്‌നേഴ്‌സ് അര്‍ജന്റീനിയന്‍ പ്രതിരോധനിരയ്ക്കിടയില്‍ നിന്ന വെഗ്‌ഹോസ്റ്റിന് പന്ത് മറിച്ച് നല്‍കി. പിന്നിലേക്ക് തിരിഞ്ഞ വെഗ്‌ഹോസ്റ്റ് എമിലിയാനോ മാര്‍ട്ടിനിസിനെ കാഴ്ചക്കാരനാക്കി നെതര്‍ലന്റ്‌സിന്റെ സമനില ഗോള്‍ നേടി.

തുടര്‍ന്ന് എക്‌സ്ട്രാ സമയത്തും മത്സരം സമനില പാലിച്ചതോടെയാണ് കാര്യങ്ങള്‍ ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അര്‍ജന്റീനയ്ക്ക് വേണ്ടി ആദ്യ കിക്കെടുത്തത് സൂപ്പര്‍ താരം ലയണല്‍ മെസിയാണ്. ആദ്യമെടുത്ത പെനാല്‍റ്റി കിക്ക് പോലെ വളരെ അനായാസമായി മെസി തന്റെ കിക്ക് ഗോളാക്കി.

ഗോൾ നേടിയ മെസിയുടെ ആഘോഷം


തുടര്‍ന്ന് അര്‍ജന്റീനയ്ക്കായി ലിയാന്‍ഡ്രോ പരേദസ്, ഗോണ്‍സാലോ മോണ്ടിയെല്‍, ലൗട്ടാരോ മാര്‍ട്ടിനസ്, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവര്‍ കിക്കെടുത്തു. ഇതില്‍ എന്‍സോ ഫെര്‍ണാണ്ടസ് ഒഴികെ ബാക്കി എല്ലാവരും കിക്ക് ലക്ഷ്യത്തിലെത്തിച്ചു.

നെതര്‍ലന്റ്‌സിനായി ക്യാപ്റ്റന്‍ വിര്‍ജിന്‍ വാന്‍ദെയ്ക്, സ്റ്റീവന്‍ ബെര്‍ഗ്യൂസ്, എന്നിവരുടെ കിക്കുകള്‍ സമര്‍ത്ഥമായി തടഞ്ഞാണ് എമിലിയാനോ മാര്‍ട്ടിനസ് അര്‍ജന്റീനയുടെ രക്ഷകനായത്. അതേസമയം നെതര്‍ലന്റ്‌സ് താരങ്ങളായ കൂപ്‌മെയ്‌നേഴ്‌സ്, വൗട്ട് വെഗ്‌ഹോസ്റ്റ്, ലൂക് ഡി ജോങ് എന്നിവരെടുത്ത കിക്കുകള്‍ ലക്ഷ്യം കണ്ടു.

മഞ്ഞക്കാര്‍ഡുകളാല്‍ സമ്പന്നമായിരുന്നു അര്‍ജന്റീന-നെതര്‍ലന്റ്‌സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ആകെ 19 മഞ്ഞക്കാര്‍ഡുകളാണ് റഫറി ഉയര്‍ത്തിയത്. 31-ാം മിനുറ്റില്‍ അര്‍ജന്റീനയുടെ സഹപരിശീലകന്‍ വാള്‍ട്ടര്‍ സാമുവലിന് വരെ മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു.

ഷൂട്ടൗട്ട് വീഡിയോ കാണാം:

Summery: Argentina reaches Qatar 2022 semifinals with penalty shootout win over Netherlands in World Cup thriller. Watch Video.