‘പ്രസവം സങ്കീർണമാകും, ഇവിടെ ചികിത്സിക്കാൻ കഴിയില്ല’ താമരശ്ശേരി താലൂക്ക് ആശുപത്രിയ്‌ക്കെതിരെ വീണ്ടും ആരോപണം, ചികിത്സ നിഷേധിച്ച് തിരിച്ചയച്ച ഗര്‍ഭിണി വീട്ടില്‍ പ്രസവിച്ചു


താമരശ്ശേരി: താലൂക്ക് ആശുപത്രിയില്‍നിന്നും ചികിത്സിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് മടക്കി അയച്ച ഗര്‍ഭിണിയായ യുവതി വീട്ടില്‍ പ്രവസിച്ചു. പ്രസവം സങ്കീര്‍ണമാണെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകണമെന്നും പറഞ്ഞ് യുവതിയെ തിരിച്ചയച്ചെന്നാണ് ആരോപണം.

കിഴക്കോത്ത് കത്തര്‍മ്മല്‍ താമസിക്കുന്ന ആസാം സ്വദേശി അസാനുല്‍ ഹക്കിന്റെ ഭാര്യ നജ്മാബീഗം (21) ആണ് വാടകവീട്ടില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ഡിസംബര്‍ 17ന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കണ്ടപ്പോള്‍ പ്രസkoyilandyവം സങ്കീര്‍ണമാണെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകണമെന്നും ആവശ്യപ്പെടുകയായിരുന്നു.

ചെറിയ രണ്ട് കുട്ടികള്‍ ഉണ്ടെന്നും കൂടെ നില്‍ക്കാന്‍ ആരുമില്ലെന്നും ഡോക്ടറോട് പറഞ്ഞെങ്കിലും ഇവിടെ ചികിത്സ ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് മടക്കി അയച്ചെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് പ്രസവം നടന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെയുള്ളവര്‍ രാത്രിയോടെ വിവരം അറിയുകയുംആംബുലന്‍സില്‍ യുവതിയെയും കുഞ്ഞിനെയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

താലൂക്ക് ആശുപത്രിയ്‌ക്കെതിരെ കഴിഞ്ഞദിവസവും പരാതി ഉയര്‍ന്നിരുന്നു. ഡോക്ടറുടെ അഭാവനത്തില്‍ നഴ്‌സുമാര്‍ പ്രസവം നടത്തിയെന്നായിരുന്നു താമരശ്ശേരി സ്വദേശിനി ആദിറയുടെയും കുടുംബത്തിന്റെയും പരാതി. ഡിസംബര്‍ 31നായിരുന്നു സംഭവം.