കോഴിക്കോട് നിന്ന് മൃതദേഹവുമായി ബിഹാറിലേക്ക്; യാത്രക്കിടെ എയർ​ഗൺ ഉപയോ​ഗിച്ച് ആംബുലൻസിന് നേരെ ആക്രമണം


കോഴിക്കോട്: കോഴിക്കോട്ടുനിന്ന് ബിഹാറിലേക്ക് പോയ ആംബുലന്‍സിന് നേരെ ആക്രമണം. ആക്രമണത്തില്‍ ആംബുലന്‍സിന്റെ മുന്നിലെ ചില്ല് തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മധ്യപ്രദേശിലെ ജബല്‍പൂര്‍- റീവ ദേശീയപാതയിലാണ് സംഭവം. എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് സംശയിക്കുന്നതായി കോഴിക്കോട് സ്വദേശിയായ ഡ്രൈവര്‍ ഫഹദ് പറയുന്നു.

കോഴിക്കോട്ടുവച്ച്‌ ട്രെയിന്‍ തട്ടി മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹവുമായി സ്വദേശത്തേയ്ക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ദേശീയ പാതയില്‍ ഇടതുവശത്ത് നിന്നാണ് ആക്രമണം ഉണ്ടായതെന്ന് ഫഹദ് പറയുന്നു. ആളെ തിരിച്ചറിയാന്‍ സാധിച്ചില്ല. വിജനമായ സ്ഥലത്ത് വച്ചായിരുന്നു ആക്രമണമെന്നും ഫഹദ് പറയുന്നു.

ആംബുലന്‍സില്‍ ഫഹദിനെ കൂടാതെ മലയാളിയായ മറ്റൊരു ഡ്രൈവറും ഉണ്ട്. മൃതദേഹത്തിന്റെ കൂടെ മറ്റു രണ്ടു ബിഹാര്‍ സ്വദേശികള്‍ കൂടി വാഹനത്തിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് ആംബുലന്‍സ് പുറപ്പെട്ടത്.

Summary: Ambulance attacked in Madhyapradesh while travelling from Kozhikode to Bihar