സിദ്ദീഖ് പള്ളിയുടെ ഖബര്‍സ്ഥാനില്‍ ഹോട്ടല്‍ നിര്‍മിക്കാന്‍ അനുവദിച്ചതില്‍ പ്രതിഷേധം; ദാറുസ്സലാമിന് മുന്നില്‍ ധര്‍ണ നടത്തിയ പ്രതിഷേധകര്‍ക്ക് മര്‍ദ്ദനം


കൊയിലാണ്ടി: സിദ്ദിഖ് പള്ളിയുടെ ഖബര്‍സ്ഥാനില്‍ സ്വകാര്യ ഹോട്ടല്‍ നിര്‍മ്മിക്കാന്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തിയ ഖബര്‍സ്ഥാന്‍ സംരക്ഷണ സമിതി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി ആരോപണം. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.

സിദ്ദിഖ് പള്ളി പരിസരത്തെ സ്വകാര്യ ഹോട്ടലിന്റെ നിര്‍മ്മാണ പ്രവൃത്തി രാവിലെ ഖബര്‍സ്ഥാന്‍ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. സ്ത്രീകളടക്കം വരുന്ന അമ്പതോളം പേരാണ് ഖബര്‍സ്ഥാനില്‍ നിര്‍മ്മാണ പ്രവൃത്തി നടത്തുന്നത് തടഞ്ഞത്. ഇതിനു പിന്നാലെയാണ് വൈകുന്നേരം നന്തി ദാറുസ്സലാം കേന്ദ്രത്തില്‍ സമിതി പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തിയത്.

സമിതി സെക്രട്ടറി അബ്ദുറഹിമാന്‍ ട്രഷറര്‍ ജാഫര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ധര്‍ണ. ധര്‍ണയ്ക്കിടെ നന്തി ദാറുസ്സലാമിന്റെ ജനറല്‍ സെക്രട്ടറി എ.വി.അബ്ദുറഹിമാന്‍ മുസലിയാരുടെ ഗുണ്ടകള്‍ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ഖബര്‍സ്ഥാന്‍ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പരിക്കേറ്റ റസിയയെന്ന പ്രവര്‍ത്തകയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റൊരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും കൊണ്ടുപോയതായി ഖബര്‍സ്ഥാന്‍ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

സിദ്ദിഖ് പള്ളിയുടെ ഖബര്‍സ്ഥാനിലെ ഭൂമി സ്വകാര്യ വ്യക്തിക്ക് ഹോട്ടല്‍ നിര്‍മ്മാണത്തിനായി നല്‍കിയതാണ് വിശ്വാസികളെ പ്രകോപിപ്പിച്ചത്. നേരത്തെയും പ്രദേശത്ത് നിര്‍മ്മാണ പ്രവൃത്തി നടത്താനുള്ള നീക്കം വിശ്വാസികള്‍ ഇടപെട്ട് തടഞ്ഞിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ കോടതിയെ സമീപിച്ചിരുന്നു. കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനുമുമ്പ് ഹോട്ടല്‍ അധികൃതര്‍ പ്രവൃത്തി പുനരാരംഭിക്കുകയായിരുന്നുവെന്നാണ് വിശ്വാസികള്‍ പറയുന്നത്. ഖബര്‍സ്ഥാന്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്ന ഭാവിയില്‍ ആളുകളെ ഖബറടക്കാന്‍ സ്ഥലമില്ലാത്ത സ്ഥിതിവിശേഷമുണ്ടാക്കുമെന്നാണ് വിശ്വാസികളുടെ ആശങ്ക.

Summary: Protest over permission to build a hotel in the graveyard of Siddiq Mosque; Protesters who staged a dharna in front of Siddiq Mosque Darussalam were beaten up