കാണാതായത് ഒക്ടോബറില്‍, അച്ഛന്‍ നേരിട്ട് അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല; അമല്‍ സതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് ബന്ധുക്കള്‍ നാട്ടിലെത്തിയതിനു പിന്നാലെ


Advertisement

കൊയിലാണ്ടി:
കാണാതായ നന്തി സ്വദേശി അമല്‍ സതീഷിനെ ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് അമലിനെ അന്വേഷിച്ച് അവിടെയെത്തിയ ബന്ധുക്കള്‍ നാട്ടിലേക്ക് തിരിച്ചതിന് പിന്നാലെ. അമലിന്റെ അച്ഛന്‍ സതീഷും സഹോദരന്‍ പ്രകാശന്‍ അടക്കമുള്ളവര്‍ ജനുവരിയിലാണ് ദുബൈയിലെത്തിയത്.

അമലിന്റെ തിരോധാനം സംബന്ധിച്ച് പരാതി നല്‍കുകയും തങ്ങളാല്‍ ആവുംവിധം അന്വേഷണം നടത്തുകയും ചെയ്തിരുന്നെന്ന് പ്രകാശന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഒരാഴ്ച മുമ്പാണ് ഇവര്‍ തിരിച്ച് നാട്ടിലെത്തിയത്. ഇതിനു പിന്നാലെയാണ് ദുബൈയില്‍ അമലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisement

അമല്‍ താമസിച്ചിരുന്ന സ്ഥലത്തില്‍ നിന്നും കുറച്ച് അകലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അധികം വൈകാതെ തന്നെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഒക്ടോബര്‍ 20നാണ് നന്തി സ്വദേശി അമല്‍ സതീഷിനെ ദുബായില്‍ വച്ച് കാണാതാവുന്നത്. ദുബായ് സിറ്റിയിലെ ജീപാസ് ഷോറൂമിലെ ജോലിക്കാരനായിരുന്നു അമല്‍. വടകരയിലെ ജീപാസ് കമ്പനിയുടെ ഇന്റര്‍വ്യൂവില്‍ സെലക്ഷന്‍ കിട്ടിയതിനെ തുടര്‍ന്ന് എട്ടുമാസം മുമ്പാണ് അമല്‍ ദുബായിലെത്തുന്നത്.

Advertisement

ഇന്റര്‍വ്യൂ ടൈമില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ സമയം ജോലിചെയ്യേണ്ടിവന്നതുമൂലം കൃത്യമായി ഉറക്കം പോലും ഇല്ലാതെ ശാരീരികവും മാനസികമായും അവശനായതായി അമല്‍ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് നാട്ടിലേക്ക് പോവാന്‍ കമ്പനിയോട് ലീവ് ചോദിച്ചെങ്കിലും അനുവദിച്ചില്ല. രണ്ടുവര്‍ഷത്തെ കരാര്‍ ഉള്ളതിനാല്‍ ലീവ് അനുവദിക്കാനാവില്ലെന്നാണ് കമ്പനി പറഞ്ഞത്. ഇതോടെ അമല്‍ മാനസികമായി തളര്‍ന്നെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

അമലിന്റെ പിതാവ് സതീഷന്‍ കമ്പനി അധികൃതരുമായി സംസാരിച്ചതിന്റെ ഫലമായി ലീവ് കഴിഞ്ഞാല്‍ തിരിച്ച് ദുബായിലേക്ക് തന്നെ പറഞ്ഞയക്കാം എന്ന നിബന്ധനയില്‍ കമ്പനി ലീവ് അനുവദിക്കാമെന്ന് പറഞ്ഞിരുന്നു. ഒക്ടോബര്‍ 20-ന് നാട്ടിലേക്ക് അയക്കാമെന്ന് കമ്പനി ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ തിരിച്ചുവരാനായി പാസ്പോര്‍ട്ടിനായി അമല്‍ കമ്പനിയെ സമീപിച്ചപ്പോള്‍ നല്‍കാന്‍ കമ്പനി തയ്യാറായില്ല. ഒക്ടോബര്‍ 20ന് അവസാനമായി വീട്ടിലേക്ക് വിളിച്ചപ്പോള്‍ അമല്‍ ഇക്കാര്യങ്ങള്‍ പറയുകയും ചെയ്തിരുന്നു.

Advertisement

ഇതിന് ശേഷം അമലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. പിന്നീട് ഇതുവരെ ഒരുവിവരവും ഇല്ല. ജനപ്രതിനിധികളും പ്രവാസിസംഘടനകളും അന്വേഷണം നടത്തിയെങ്കിലും ഇതുവരെ അമലിനെക്കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ല. അമലിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നേരത്തെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനും ദുബൈ കോണ്‍സുലേറ്റിനും പരാതി നല്‍കിയിരുന്നു.