ബിഗ് ബോസ് സീസൺ അഞ്ചിലെ വിജയിയായി അഖിൽ മാരാർ; ചിത്രങ്ങൾ പ്രചരിപ്പിച്ച് അഖിലിന്റെ സുഹൃത്തുക്കൾ
ബിഗ് ബോസ് മലയാളം സീസണ്‍ 5 ടൈറ്റില്‍ വിജയിയായി അഖില്‍ മാരാര്‍. സീസണിലെ മറ്റു മത്സരാർത്ഥികളെ പിന്തള്ളിയാണ് അഖിൽ വിജയ കിരീടത്തിൽ മുത്തമിട്ടത്. ടെെറ്റിൽ വിന്നർ പട്ടത്തിനൊപ്പം 50 ലക്ഷം രൂപയും അഖിൽ സ്വന്തമാക്കി. സാബു മോന്‍ അബ്ദുസമദ്, മണിക്കുട്ടൻ, ദിൽഷ പ്രസന്നൻ എന്നിവർക്ക് പിന്നാലെയാണ് ബിഗ് ബോസ് ഷോയിലെ അഖിലിന്റെ വിജയം. അതേസമയം അഖിൽ മാരാരുടെ വിജയം ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ഫിനാലെ ഇപ്പോഴും തുടരുകയാണ്. അൽപ്പ സമയത്തിനകം പ്രഖ്യാപനം ഉണ്ടാകും. അഖിൽ മാരാർ ബിഗ് ബോസ് വിജയിക്കുള്ള കപ്പുയർത്തി നിൽക്കുന്ന ചിത്രങ്ങൾ അഖിലിന്റെ സുഹൃത്തുക്കളാണ് പുറത്തുവിട്ടത്.
നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്‍ത് വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്കുകളിൽ കഴിവുതെളിയിച്ചും അഖിൽ മാരാർ മികച്ച പ്രകടനമാണ് ബിഗ് ബോസ് സീസൺ 5-ൽ കാഴ്ചവെച്ചത്. മികച്ച ഗെയിമർ, എന്റർടെയിൻ ചെയ്യാനുള്ള കഴിവ്, വാക്ചാതുര്യം, ലോകവിവരം തുടങ്ങിയവയെല്ലാം കൊണ്ട് കാണികളുടെ മനസിൽ ഇടം പിടിക്കാൻ അഖിലിന് സാധിച്ചു. ഇതാണ് ടെെറ്റിൽ വിന്നറിലേക്ക് അഖിലിനെ എത്തിച്ചത്.
അഖിൽ മാരാറിന് പുറമേ ശോഭ വിശ്വനാഥ്, ജുനൈസ് വി പി, റെനീഷ റഹ്‍മാന്‍, ഷിജു എ ആര്‍ എന്നിവരാണ് സീസണ്‍ 5 ലെ ഫെെനലിലെത്തിയ മറ്റു മത്സരാത്ഥികൾ.
അഖിൽ മാരാർ സീസണിലെ ടെെറ്റിൽ വിന്നറായി എത്തണമെന്നായിരുന്നു ആരാധകർ ആഗ്രഹിച്ചിരുന്നത്. ബിഗ് ബോസ് കാണാത്തവർ പോലും സോഷ്യൽ മീഡിയയിൽ വെെറലായ വീഡിയ കണ്ട് അഖിലിന്റെ ആരാധകരായി. അഖിലിന്റെ പക്വതയാർന്ന പ്രകടനമാണ് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയത്. ഇത്രയും കോൺഫിഡന്റ് ആയി കളിച്ച ഒരു മത്സരാർത്ഥിയെ ബിഗ് ബോസിന്റെ ചരിത്രത്തിൽ കണ്ടിട്ടില്ലെന്നും എല്ലാം തികഞ്ഞ കംപ്ലീറ്റ് പാക്കേജാണ് അഖിൽ മാരാറെന്നുമാണ് ആരാധകർ പറയുന്നത്. പ്രേക്ഷകർ കേൾക്കെ കപ്പ് അടിക്കും എന്ന് ജുനൈസിനെ അഖിൽ വെല്ലുവിളിച്ചിരുന്നു. ജുനൈസിനുള്ള മധുരപ്രതികാരമായി അഖിലിന്റെ ടെെറ്റിൽ വിന്നർ പട്ടം.
2023 മാർച്ച് 26നാണ് ബിഗ് ബോസ് മലയാളം സീസൺ അഞ്ച് ആരംഭിക്കുന്നത്. വ്യത്യസ്ത മേഖലകളിൽ ഉള്ള മത്സരാർത്ഥികൾക്ക് ഒപ്പം ഷോയിലെ ആദ്യത്തെ കോമണർ മത്സരാർത്ഥിയെയും കൂട്ടി പതിനെട്ട് മത്സരാർത്ഥികളാണ് ആദ്യഘട്ടത്തിൽ ബിഗ് ബോസ് വീട്ടിൽ എത്തിയത്. ഒപ്പം, വൈൽഡ് കാർഡ് ആയി ഒമർ ലുലു, ഹനാൻ, അനു ജോസഫ് എന്നിവരും എത്തി. ഇതിൽ നിന്നും പലഘട്ടങ്ങളിലായി എവിക്ഷനിലൂടെയും ആരോഗ്യ പ്രശ്നങ്ങൾ കാരണവും ഓരോരുത്തരായി കൊഴിഞ്ഞുപോയി. ഏറ്റവും ഒടുവിൽ ഏഴ് പേരാണ് ഷോയിൽ അവസാനിച്ചത്.
എന്നാൽ നാദിറ മെഹ്‍റിന്‍ ഷോയില്‍ നിന്ന് സ്വയം പുറത്ത് പോയി. മണി ബോക്സ് ടാസ്കില്‍ നേടിയ ഏഴേമുക്കാല്‍ ലക്ഷം രൂപയുമായാണ് നാദിറ സ്വന്തം തീരുമാനപ്രകാരം ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്തത്. ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു മത്സരാര്‍ഥി മണി ബോക്സ് ടാസ്കില്‍ തീരുമാനമെടുത്ത് ഷോയില്‍ നിന്ന് സ്വമേധയാ പുറത്ത് പോകുന്നത്. ഇന്നലെ സെറീന കൂടി പുറത്തായതോടെ റെനീഷ, ജൂനൈസ്, ശോഭ, ഷിജു, അഖിൽ മാരാർ എന്നിവരാണ് ബിഗ് ബോസ് വീട്ടിൽ അവശേഷിച്ചത്. ഇതിൽ നിന്നാണ് വിജയത്തിലേക്ക് അഖിൽ ചവിട്ടികയറിയത്.
Content Highlights / English Summary: Director Akhil Marar wins Asianet reality show Bigg Boss season five.