വിമാനത്തിലുള്ളത് 182 പേര്‍, ഇന്ധനം ഒഴുക്കിക്കളഞ്ഞ് അടിയന്തര ലാന്റിങ്; എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തുപുരത്ത് സുരക്ഷിതമായി ഇറങ്ങി
തിരുവനന്തപുരം: രണ്ടര മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും ഒടുവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സുരക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. കരിപ്പൂരില്‍ നിന്നും ഉയര്‍ന്നുപൊങ്ങിയ വിമാനത്തിന് സാങ്കേതികമായ തകരാറുകളുണ്ടായതിനെ തുടര്‍ന്നായിരുന്നു അടിയന്തരമായി ലാന്‍ഡ് ചെയ്യേണ്ടിവന്നത്.
9.45ന് ദമ്മാമിലേക്കു പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനായിരുന്നു (ഐഎക്സ് 385) പ്രശ്‌നം. 176 യാത്രക്കാരും 6 ജീവനക്കാരും ഉള്‍പ്പെടെ 182 പേരാണ് ഉണ്ടായിരുന്നത്.
9.45ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തപ്പോള്‍ പിന്‍ഭാഗം താഴെ ഉരസിയിരുന്നു. ഹൈഡ്രോളിക് ഗിയറിന്റെ തകരാറാണോ എന്ന് സംശയമുണ്ട്. ഇതേത്തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കാന്‍ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെടുകയും അനുമതി നല്‍കുകയുമായിരുന്നു.
വിമാനത്തില്‍ ഇന്ധനത്തിന്റെ അളവ് കുറച്ച ശേഷമായിരുന്നു ലാന്‍ഡിങ് നടത്തിയത്. വിമാനം റണ്‍വേയില്‍നിന്ന് മാറ്റി.