മുചുകുന്നിലെ കല്യാണവീട്ടില്‍ നിന്ന് പണപ്പെട്ടി മോഷ്ടിച്ച പ്രതി പിടിയില്‍


കൊയിലാണ്ടി: മുചുകുന്ന് കിള്ളവയലിലെ കല്യാണവീട്ടില്‍ നിന്ന് പണപ്പെട്ടി മോഷ്ടിച്ച പ്രതിയെ കൊയിലാണ്ടി പൊലീസ് പിടികൂടി. കിള്ളവയല്‍ ഒടിയില്‍ അതുല്‍രാജിനെ (27) ആണ് വൈകീട്ട് നാല് മണിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കിള്ളവയല്‍ ജയേഷിന്റെ വീട്ടില്‍ നിന്ന് പെട്ടി മോഷണം പോയത്. വിവാഹത്തിന് എത്തുന്ന അതിഥികള്‍ക്ക് പണം അടങ്ങിയ കവര്‍ നിക്ഷേപിക്കാനായി സജ്ജീകരിച്ച പെട്ടിയാണ് മോഷണം പോയത്.

മോഷണം പോയ പെട്ടി അന്ന് തന്നെ കണ്ടെത്തിയിരുന്നു. കല്യാണം നടന്ന വീടിന്റെ പിറകിലുള്ള ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നാണ് പെട്ടി കണ്ടെത്തിയത്. പെട്ടി തകര്‍ത്ത് കുറേ പണം കൊണ്ടുപോകുകയും ബാക്കി പണം ചാക്കിലാക്കി വച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്.


Related News: മുചുകുന്നിലെ വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ പണപ്പെട്ടി കിട്ടി; കണ്ടെത്തിയത് സമീപത്തെ പറമ്പിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ – വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


47,000 രൂപയോളമാണ് നഷ്ടമായതെന്ന് പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഈ പണം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കവറിലാക്കിയ ശേഷം സമീപമുള്ള പറമ്പില്‍ മരങ്ങള്‍ക്ക് ഇടയിലായി ഒളിപ്പിച്ച നിലയിലായിരുന്നു പണം.

അതുല്‍രാജാണ് മോഷണം നടത്തിയത് എന്ന് പൊലീസിന് ആദ്യമേ സംശയമുണ്ടായിരുന്നു. ഒരു ദിവസം നിരീക്ഷിച്ച ശേഷം ഇന്ന് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. അതുല്‍രാജുമായി പൊലീസ് കിള്ളവയലിലെത്തി തെളിവെടുപ്പ് നടത്തി. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

കൊയിലാണ്ടി സി.ഐ സുനില്‍ കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐമാരായ അനൂപ്, അരവിന്ദ്, എ.എസ്.ഐ രമേശ്, പി.ടി.ഒ ഗംഗേഷ് എന്നിവരങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.


Also Read: മുചുകുന്നിലെ വിവാഹ വീട്ടില്‍ നിന്ന് കവറിടുന്ന പെട്ടി അടിച്ചുമാറ്റി കള്ളന്‍; മോഷണം പോയത് വലിയ തുക – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…