ബാലുശ്ശേരി കോട്ടൂരില്‍ പുല്ല് പറിക്കാന്‍ പോയ വയോധിക വയലില്‍ മരിച്ച നിലയില്‍


ബാലുശ്ശേരി: കോട്ടൂരില്‍ പുല്ല് പറിക്കാന്‍ പോയ വയോധികയെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂലാട് ചക്കത്തൂര്‍ വിജയലക്ഷ്മി(64) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് മൃതദേഹം വയലില്‍ കണ്ടെത്തിയത്. പൊട്ടി വീണ വൈദ്യതി ലൈനില്‍ നിന്നും ഷോക്കേറ്റതാണെന്നാണ് പ്രാഥമിക സംശയം. എന്നാല്‍ ലൈന്‍ പൊട്ടി വീണിട്ട് രണ്ട് ദിവസമായെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വീടിന് സമീപത്തെ വയലിലാണ് പുല്ല് പറിക്കാന്‍ പോയത്. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വിജയലക്ഷ്മിയെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസി നാട്ടുകാരുമായി ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പരേതനായ മാധവന്‍ നായരാണ് ഭര്‍ത്താവ്. മക്കൾ: വിമേഷ് (റിട്ട. ആർമി), വിജേഷ് (റെയിൽവേ). മരുമക്കൾ: നിയ (മൊടക്കല്ലൂർ), ഡോ. ഹിദ (ആയുർവേദ ആശുപത്രി, നന്മണ്ട).