”സന്തോഷത്തില്‍ ഒരു സ്ത്രീയുടെ ഉറക്കെയുള്ള കരച്ചിലാണ് അപ്പുറത്തുനിന്നും കേട്ടത്”; നന്മയുടെ പ്രതീകമായി മാറിയ ബാലുശ്ശേരിയിലെ മൂന്ന് യുവാക്കളെ പരിചയപ്പെടുത്തി പൊലീസുകാരന്റെ കുറിപ്പ്
ബാലുശ്ശേരി: അധ്വാനത്തിന്റെ വില അറിയാത്തവരായായും പൈസയുടെ മൂല്യമറിയാത്തവരായും പുതുതലമുറയെ കുറ്റപ്പെടുത്തുന്നവരുണ്ട്. എന്നാല്‍ അതിനുമപ്പുറം മനുഷ്യരെ അതിശയിപ്പിക്കുന്ന യുവതയുടെ നന്മയെക്കുറിച്ചും സഹജീവി ബോധത്തെക്കുറിച്ചൊന്നും അധികമാരും പറഞ്ഞുകേള്‍ക്കാറില്ല. എന്നാല്‍ അത്തരമൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബാലുശ്ശേരി സ്റ്റേഷനിലെ പൊലീസ് ഓഫീസര്‍. റോഡരികില്‍ നിന്ന് കിട്ടിയ വലിയ തുക അടങ്ങിയ കവര്‍ പൊലീസിന് ഏല്‍പ്പിച്ച് അതിന്റെ ഉടമസ്ഥയെ കണ്ടെത്തിയെത്തിച്ച മൂന്ന് യുവാക്കളെയാണ് അദ്ദേഹം പരിചയപ്പെടുത്തുന്നത്.
ബാലുശ്ശേരി പറമ്പിന്റെ മുകള്‍ സ്വദേശികളായ കണിയാന്‍ കണ്ടി അഭിനന്ദും മൈകുളങ്ങര അതുലും തൊടുവക്കണ്ടി അഭിരാം ഗിരീഷുമാണ് തങ്ങള്‍ക്ക് കിട്ടിയ പൊതി സ്റ്റേഷനില്‍ ഏല്‍പ്പിക്കാനായെത്തിയത്.
പൊലീസുകാരന്റെ കുറിപ്പ് വായിക്കാം:
നന്മകള്‍കള്‍ക്ക് നിറം കുറയുകയും തിന്മകള്‍ക്ക് നിറയെ വര്‍ണ്ണങ്ങളുണ്ടാകുന്ന ന്യൂജെന്‍ കാലത്ത് പുതുതലമുറയെ സംബന്ധിച്ച് പലപ്പോഴും കേള്‍ക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും നമ്മുടെ മനസ്സിനേയും ചിന്തകളേയും അലോസരപ്പെടുത്തുന്നവയായിരിക്കുന്നു. എന്നാലിതാ അതില്‍ നിന്നും തീര്‍ത്തും വിത്യസ്ഥരായ 3 ചെറുപ്പക്കാരെ ഞാനിന്ന് പരിചയപ്പെട്ടു. അവരെ പറ്റി നിങ്ങളും അറിയണം.
ബാലുശ്ശേരി സ്റ്റേഷനില്‍ ഇന്ന് ഡ്യൂട്ടിയിലിരിക്കുമ്പോഴാണ് മൂന്നു പേര്‍ ഒരു കവറുമായി കടന്നു വരുന്നത്. കാര്യം അന്വേഷിച്ചപ്പോള്‍ റോഡില്‍ നിന്നും വലിയ തുകയടങ്ങിയ ഒരു കവര്‍ കിട്ടിയിട്ടുണ്ടെന്നും അതിനകത്തുള്ള രേഖകളും പാസ്സ് ബുക്കും കണ്ടപ്പോള്‍ ഏതോ വനിതാ കൂട്ടായ്മയുടേയതാണെന്ന് തോന്നിയെന്നും അവരെ കണ്ടെത്തി ഏല്‍പ്പിക്കണമെന്നും പറഞ്ഞു. പോകാനിറങ്ങിയ അവരെ പിടിച്ചു നിര്‍ത്തി നമുക്ക് അവരെ കണ്ടെത്തി നിങ്ങള്‍ തന്നെ അത് കൈമാറണമെന്നും നിങ്ങളെ പോലെയുള്ള ചെറുപ്പക്കാരും നാട്ടിലുണ്ടെന്ന കാര്യം അവരെ അറിയിക്കണമെന്നും ഞാന്‍ പറഞ്ഞു. കവറിലെ പേപ്പറുകള്‍ പരതി ഉടമസ്ഥയെ കണ്ടെത്തി.
അവരുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചപ്പോള്‍ ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് ഉറപ്പിച്ച വലിയ തുക കിട്ടിയതിന്റെ സന്തോഷത്തില്‍ അപ്പുറത്തുനിന്നും ഒരു സ്ത്രീയുടെ ഉറക്കെയുള്ള കരച്ചിലാണ് ഞാന്‍ കേട്ടത്. മിനുട്ടുകള്‍ക്കുള്ളില്‍ പണത്തിന്റെ ഉടമസ്ഥ സ്റ്റേഷനിലെത്തി മൂവര്‍ സംഘത്തിന്റെ കയ്യില്‍ നിന്നും പണവും രേഖകളുമടങ്ങിയ കവര്‍ എസ് ഐ യുടെ സാന്നിധ്യത്തില്‍ ഏറ്റുവാങ്ങി.
ബാലുശ്ശേരി പറമ്പിന്റെ മുകള്‍ സ്വദേശികളായ കണിയാന്‍ കണ്ടി അഭിനന്ദും മൈകുളങ്ങര അതുലും തൊടുവക്കണ്ടി അഭിരാം ഗിരീഷും എനിക്ക് പ്രിയപ്പെട്ടവരായത് അതുകൊണ്ടാണ്.
ചെറുപ്പത്തെ വഴിമാറ്റി സഞ്ചരിപ്പിക്കാനായി തിന്മയുടെ കഴുകന്‍മാര്‍ റോന്തു ചുറ്റുമ്പോള്‍ അവരുടെ മായക്കാഴ്ചയില്‍ പെട്ട് ഇയ്യാംപാറ്റ കണക്കെ യുവത്വം വഴിതെറ്റി എരിയുന്നത് കണ്ടു മനസ്സ് മരവിച്ചിരിക്കുമ്പോഴാണ് നന്മയുടെ പ്രതീകങ്ങളായി ഈ മൂന്ന് കൂട്ടുകാരെ എനിക്കിന്ന് കാണാനായത്.