കൊടുവള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി; ‘കരടി ഷെമീർ’ അറസ്റ്റിൽ


കൊടുവള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. മുക്കം കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലെ കരടി ഷെമീർ എന്ന് വിളിക്കുന്ന ഷെമീർ (26) ആണ് അറസ്റ്റിലായത്. സുഹൃത്ത്‌ മുഖേന പരിചയപ്പെട്ട പെൺകുട്ടിയെ ഷെമീർ പ്രണയംനടിച്ച് പീഡിപ്പിച്ചതായാണ് പരാതി.

പോലീസ് കേസ് രജിസ്റ്റർചെയ്ത വിവരമറിഞ്ഞ ഷെമീർ മൊബൈൽഫോൺ സ്വിച്ച് ഓഫ്‌ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സ്വകാര്യലോഡ്ജിൽ നിന്നാണ് ഷമീറിനെ പിടികൂടിയത്. കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസ് കൊടുവള്ളി പോലീസിന് കൈമാറുകയായിരുന്നു.

പിടിയിലായ ഷെമീർ ഒട്ടേറെ കേസുകളിൽ പ്രതിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. കൊടുവള്ളി ഇൻസ്പെക്ടർ കെ. പ്രജീഷിന്റെ നേതൃത്വത്തിൽ കൊടുവള്ളി എസ്.ഐ. അനൂപ് അരീക്കര, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥന്മാരായ ശ്രീജിത്ത്‌, അനൂപ് തറോൽ, സിവിൽ പോലീസ് ഓഫീസർ ഷെഫീഖ് നീലിയാനിക്കൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.