വയനാട്ടില്‍ യുവാവിനെ കൊന്ന നരഭോജി കടുവ കൂട്ടിലായി
വയനാട്: വയനാട്ടില്‍ യുവാവിനെ കൊന്ന കടുവ കൂട്ടിലായി. പത്ത് ദിവസത്തെ തിരച്ചിലിനൊടുവിലാണ് കടുവ കൂട്ടിലായിരിക്കുന്നത്. വാകേരി മൂടക്കൊല്ലി കോളനി കാപ്പിതോട്ടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്.
ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ അകത്തായിരിക്കുന്നത്. കടുവയ്ക്ക് കെണിയാരുക്കാനായി അഞ്ച് കൂടുകളായിരുന്നു സ്ഥാപിച്ചത്. കടുവയെ വെടിവെച്ച് കൊല്ലാതെ നാട്ടില്‍ നിന്നും കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന് പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഡിസംബര്‍ ഒന്‍പതിനാണ് ബത്തേരിയില്‍ കടുവയുടെ ആക്രമണത്തില്‍ പ്രജീഷ് (36)കൊല്ലപ്പെട്ടത്. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയില്‍ വാകേരി മൂടക്കൊല്ലിയില്‍ വയലിലാണ് മൃതദേഹം കണ്ടെത്തിയത്.
വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ മേഖലയാണിത്. ഉച്ചയോടെ പശുവിന് പുല്ലുവെട്ടാന്‍ പോയ പ്രജീഷ് തിരിച്ചെത്താത്തിനെത്തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ച് പോയപ്പോഴാണ് വയലില്‍ പാതി ഭക്ഷിച്ച നിലയില്‍ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്.