ഐ.എ.എസ് തലപ്പത്ത് വീണ്ടും മാറ്റം; എ.ഗീത റവന്യൂ കമ്മീഷന് ജോയിന്റ് ഡയറക്ടര്‍, ഹരിത വി.കുമാറിന് അധിക ചുമതല
കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാറ്റി നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്കി. കോഴിക്കോട് കലക്ടറായിരുന്ന എ.ഗീതയെ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറായി നിയമിച്ചു. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡയറക്ടറുടെ പൂര്‍ണ ചുമതലയും എ ഗീതയ്ക്കുണ്ടാകും. ജോയിന്റ് ലാന്റ് റവന്യൂ കമ്മീഷണര്‍ അര്ജ്ജുന് പാണ്ഡ്യനെ ഹൗസിങ്ങ് കമ്മീഷണറായി നിയമിച്ചു.
മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടര്‍ ഹരിത വി.കുമാറിന് വനിത ശിശു വികസന ഡയറക്ടറുടെ അധിക ചുമതല കൂടി നല്കി. എച്ച്.ദിനേശനെ സാമൂഹ്യനീതി ഡയറക്ടറായി മാറ്റി നിയമിച്ചു. സാമൂഹ്യ സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടറുടെ പൂര്‍ണ അധിക ചുമതലയും അദ്ദേഹത്തിനായിരിക്കും.
അടുത്തിടെയാണ് 21 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറത്ത് വന്നത്. ആലപ്പുഴ, പത്തനംതിട്ട, കണ്ണൂര്‍, കൊല്ലം, കോഴിക്കോട്, മലപ്പുറം എന്നീ ആറ് ജില്ലകളിലെ കളക്ടര്‍മാരെയാണ് സ്ഥലം മാറ്റിയത്.