അപകടം നടന്ന് നാലുമിനിറ്റിനുള്ളില്‍ തീഗോളമായി വാഹനം; കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് രോഗി മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്



കോഴിക്കോട്: ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി രോഗി മരിച്ച സംഭവത്തില്‍ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.20 ഓടെയാണ് അപകടമുണ്ടായത്.

ഇന്ധനത്തിന് തീപിടിച്ചതാകാം ആംബുലന്‍സ് കത്താന്‍ കാരണമെന്നാണ് അഗ്നിരക്ഷാ സേന പറയുന്നത്. വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് ആംബുലന്‍സ് മറിഞ്ഞത്. അപകടത്തില്‍ മരിച്ച സുലോചന ഒഴികെ ബാക്കിയുള്ളവര്‍ക്ക് ആംബുലന്‍സില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിഞ്ഞിരുന്നു. വൈദ്യുതി ലൈനില്‍ നിന്നാണ് തീപിടിച്ചിരുന്നതെങ്കില്‍ എല്ലാവരിലേക്കും തീ പടര്‍ന്നേനെയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

മഴയത്ത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാകാം അപകടത്തിന് കാരണണായതെന്നാണ് പ്രാഥമിക നിഗമനം. ആംബുലന്‍സ് പൂര്‍ണമായും കത്തിനശിച്ചിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിന് ഡ്രൈവര്‍ അര്‍ജുനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

നാദാപുരം സ്വദേശിനിയാണ് അപകടത്തില്‍ മരിച്ച സുലോചന. മൊടക്കല്ലൂരിലെ മലബാര്‍ മെഡിക്കല്‍ കോളേജില്‍ പക്ഷാഘാതത്തിന് ചികിത്സയില്‍ ആയിരുന്ന സുലോചനയുടെ സ്ഥിതി മോശമായതോടെയാണ് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപകടത്തില്‍ സുലോചനയുടെ ഭര്‍ത്താവ് ചന്ദ്രന് സാരമായി പരിക്കേറ്റിരുന്നു. ഇവരെ കൂടാതെ ഡോക്ടര്‍, നഴ്‌സ്, ആംബുലന്‍സ് ഡ്രൈവര്‍, അയല്‍വാസിയായ യുവതി എന്നിവരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ഡോക്ടര്‍ക്കും നഴ്‌സിനും പരിക്ക് സാരമല്ലാത്തതിനാല്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം മടങ്ങിപ്പോയി. മറ്റുള്ളവര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.