ഊട്ടിയിലേക്ക് വെച്ചുപിടിക്കാന്‍ ഇതാണ് പറ്റിയ സമയം, സഞ്ചാരികളെ വിസ്മയിപ്പിച്ച് പുഷ്പമേള; ഇ-പാസ് എടുക്കാന്‍ മറക്കല്ലേപി.പി.എസ്. കൊരയങ്ങാട്

വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാണ് ഊട്ടി. മഞ്ഞ് കാലത്ത് മഞ്ഞില്‍ പുതഞ്ഞ് കിടക്കുന്ന ഊട്ടികാണാനും വേനലില്‍ അല്പമൊന്ന് തണുക്കാനുമെല്ലാം ആളുകള്‍ ഊട്ടി തെരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഊട്ടിയിലേക്ക് പോകാന്‍ ഒരു കാരണം കൂടിയുണ്ട്. പ്രസിദ്ധമായ ഊട്ടിയിലെ പുഷ്പമേള തന്നെയാണത്.

വേനലവധി അതിന്റെ അവസാന വാരത്തോട് അടുക്കുകയാണ്. ഒന്നുരണ്ടുദിവസം അവധിയെടുത്ത് ഊട്ടിയിലേക്ക് കറങ്ങിയാല്‍ കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട യാത്രയാകും, ഊട്ടിയിലെ പുഷ്പമേളയും കാണാം.

റോസ് ഗാര്‍ഡനില്‍ വിവിധ നിറത്തിലുള്ള റോസ് പുഷ്പങ്ങള്‍ കൊണ്ട് തീര്‍ത്ത ആനയും, ഗരുഡനും, പുലിയും, കാട്ട് പോത്തുമൊക്കെ പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് വിസ്മയമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തിരക്ക് കുറവായിരുന്നെങ്കിലും ശനി, ഞായര്‍ തിരക്ക് വര്‍ധിച്ചു. നഗരത്തില്‍ ട്രാഫിക് തടസ്സം ഉണ്ടായി.

വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് വേണമെന്ന നിബന്ധന വന്നതോടെ സഞ്ചാരികളുടെ വരവ് കുത്തനെ കുറഞ്ഞിരുന്നു. കൂടാതെ ഉദ്യാനങ്ങളില്‍ പ്രവേശന ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസം തിരക്ക് കുറവായിരുന്നെങ്കിലും, ശനി, ഞായര്‍ ദിവസങ്ങളോടെ തിരക്ക് വര്‍ധിച്ചു.

ബൊട്ടാണിക്കല്‍ ഗാര്‍ഡനിലും, റോസ് ഗാര്‍ഡന്‍, കര്‍ണാടക ഗാര്‍ഡനിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ബോട്ടിംഗ് നടത്താനും, കുതിര സവാരി നടത്താനും ആളുകള്‍ ഏറെയാണ്. ഇടയ്ക്ക്‌പെയ്യുന്ന മഴ സഞ്ചാരികളെ വലയ്ക്കുന്നുണ്ട്.

കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ ഊട്ടിയിലെത്തുന്നതെന്നാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ കണക്ക്. ഇവിടെ എത്ര പേര്‍ എത്തുന്നുണ്ടെന്ന കൃത്യമായ കണക്ക് ലഭിക്കാന്‍ വേണ്ടിയാണ് ഇ- പാസ് ഏര്‍പ്പെടുത്തിയത്.ജൂണ്‍ 30 വരെയാണ് ഇ.പാസ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.