പച്ചപ്പിന്‍റെയും വെള്ളച്ചാട്ടങ്ങളുടെയും കാടിന്‍റെയും മനോഹര കാഴ്ചകൾ സമ്മാനിക്കുന്ന ഇടം; കൊയിലാണ്ടിയിൽ നിന്നും ഒരു മണിക്കൂറിനുള്ളിലെത്താൻ സാധിക്കുന്ന കുറ്റ്യാടിയിലെ അഞ്ച് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഇതാ…


കുറ്റ്യാടി: സ്കുൾ അവധിക്കാലത്ത് കുട്ടികൾക്കും കുടുംബത്തിനും ഒപ്പം യാത്രപോകാൻ ആ​ഗ്രഹിക്കുന്നവരാണ് നമ്മൾ. എന്നാൽ ജോലിത്തിരക്കുകൾ കാരണം ദൂര സ്ഥലങ്ങളിലേക്കുള്ള യാത്ര മാറ്റിവെക്കാറാണ് നമ്മൾ ചെയ്യാറ്. എന്നാൽ നമുക്കടുത്ത് നമ്മള്‍ കാണാന്‍ മറക്കുന്ന ഒരുപാട് സ്ഥലങ്ങളുണ്ട്. കോഴിക്കോട് ജില്ലയിലെ തന്നെ മനോഹരമായ ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഒന്നു പരിചയപ്പെട്ടാലോ?

യാത്രകള്‍ക്കായി ദൂരസ്ഥലങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മറക്കാതിരിക്കാം നമുക്കടുത്തുള്ള പ്രകൃതിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ പറ്റിയ ഇത്തരം സ്ഥലങ്ങളെയും. കൊയിലാണ്ടിയിൽ നിന്നും കുറഞ്ഞ സമയം കൊണ്ട് എത്തിപ്പെടാൻ സാധിക്കുന്ന, പേരാമ്പ്രയോടു തൊട്ടുകിടക്കുന്ന പ്രദേശങ്ങളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

ജാനകിക്കാട്:

കുറ്റ്യാടിയില്‍ നിന്ന് ഏഴ് കിലോ മീറ്റര്‍ അകലെ. മനസ്സു നിറയെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുള്ള കാഴ്ചകളാണ് കുറ്റ്യാടിപ്പുഴക്ക് കുറുകെയുള്ള ചവറമ്മുഴി പാലത്തിനപ്പുറം ജാനകിക്കാട് കാത്തുവയ്ക്കുന്നത്. കാടിന്റെ തനത് ഭംഗി പകര്‍ന്നുതരാന്‍ തക്കവണ്ണം ഇവിടം അത്രമേല്‍ സൗന്ദര്യമാണ്. 113 ഹെക്ടർ വിസ്തീർണ്ണത്തിൽ കിടക്കുന്ന ഈ കാട് ഇന്ന് ഇക്കോ ടൂറിസം പദ്ധതിയായണ് സംരക്ഷിക്കപ്പെടുന്നത്. കേരള വനം വകുപ്പും ജാനകികാട് വനം സംരക്ഷണസമിതിയും ചേർന്നാണ് ഇതിന്റെ നടത്തിപ്പ്.


പെരുവണ്ണാമൂഴി ഡാം ആന്റ് റിസര്‍വോയര്‍:

കുറ്റ്യാടിക്ക് 14.7 കിലോമീറ്റര്‍ അപ്പുറം കുറ്റ്യാടിപ്പുഴയ്ക്കു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ട്. പക്ഷിത്തുരുത്ത് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഈ ജലസംഭരണിയിലെ ഒരു ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. മുതല വളര്‍ത്തു കേന്ദ്രവും മനോഹരമായ ഉദ്യാനങ്ങളും ഇവിടം കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

പെരുവണ്ണാമൂഴി അണക്കെട്ട്, പെരുവണ്ണാമൂഴി റിയർവ്വോയർ, മുതല വളർത്തു കേന്ദ്രവും സ്മാരക തോട്ടവും ഒപ്പം മലബാർ വന്യജീവി സങ്കേതം തുടങ്ങിയ കാഴ്ചകളാണ് ഇവിടെയുള്ളത്.

ഉറിതൂക്കിമല ട്രക്കിംഗ് സ്‌പോര്‍ട്ട്:

കുറ്റ്യാടിയില്‍ നിന്ന് 15.3 കിലോമീറ്റര്‍ അകലെ കരിങ്ങാട് എന്ന മലയോര ഗ്രാമത്തില്‍, മഴക്കാലത്ത് കോട പുതച്ച് നില്‍ക്കുന്ന മനോഹാരിതയും വേനല്‍ക്കാലത്ത് കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന മലയോര ഭംഗിയും ആസ്വദിക്കാം. മികച്ച ട്രക്കിങ്ങ് സ്‌പോര്‍ട്ടും ഓഫ് റോഡും അവിടേക്കുള്ള യാത്രയില്‍ പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നു.

പൂഴിത്തോട് വില്ലേജ് ലൈഫ്:

കുറ്റ്യാടിയില്‍ നിന്ന് 10.9 കിലോ മീറ്റര്‍ അകലെയുള്ള ഒരുവശത്ത് കടുന്തറ പുഴയും മറുവശത്ത് വയനാട് വനവും. മനസ്സിന് കുളിര്‍മ്മയേകാന്‍ പാറക്കെട്ടുകളും പുഴയും കാടും.

ചാപ്പന്‍തോട്ടം വെള്ളച്ചാട്ടം:

കുറ്റ്യാടിയില്‍ നിന്ന് 10.4 കിലോമീറ്റര്‍ ദൂരത്തില്‍. ഉയരങ്ങലില്‍ നിന്നും നിലം പതിക്കുന്ന വെള്ളത്തുള്ളികള്‍, അതില്‍ വിരിയുന്ന മഴവില്ല് തുടങ്ങി ഇവിടം നമുക്ക് ആസ്വദിക്കാം പ്രകൃതിയുടെ അനന്തമായ മനോഹാരിത.