നെല്ലിയാമ്പതി മലനിരകളുടെ താഴെ വിശാലമായൊരു ഗ്രാമം; പഴമയും ഗ്രാമഭംഗിയും കാത്തുസൂക്ഷിക്കുന്ന കൊല്ലങ്കോട്ടിലേക്കാവട്ടെ അടുത്ത യാത്ര


ഏറ്റവും മനോഹരമായ പാലക്കാടന്‍ ഗ്രാമമാണ് പഴമ നിലനിര്‍ത്തുന്ന കൊല്ലങ്കോട്. നെല്ലിയാമ്പതി മലനിരകളുടെ താഴ്വാരത്തിലാണ് ഈ ഗ്രാമം നിലകൊള്ളുന്നത്. കളേഴ്സ് ഓഫ് ഭാരത് എന്ന ട്വിറ്റര്‍ പേജില്‍ ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് രാജ്യങ്ങളെ ലിസ്റ്റ് ചെയ്തിരുന്നു. അതില്‍ ഒന്ന് കൊല്ലങ്കോടായിരുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്കു മുന്നേ ഗ്രാമങ്ങളില്‍ കണ്ടിരുന്ന അതേ രൂപമുള്ള ചെല്ലന്‍ ചേട്ടന്റെ ചായക്കടയും ഇപ്പോള്‍ അറിയപ്പെടുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്.
കണ്ണെത്താദൂരം പരന്ന് കിടക്കുന്ന നെല്‍പ്പാടങ്ങളില്‍ നടവരമ്പ് തീര്‍ത്ത് അതിരു തിരിച്ചിരിക്കുന്നു. ഇടക്കിടെ വയലിലേക്ക് വെള്ളമെത്തിക്കുന്ന ചെറിയ നീര്‍ ചാലുകളുണ്ട്. പാടത്ത് പണിക്കിടയില്‍ വിശ്രമിക്കാന്‍ തീര്‍ത്ത ഓലക്കുടിലുകളുണ്ട്. ഗ്രാമത്തിലെ വഴികളെല്ലാം വീതി കുറഞ്ഞവയായതിനാല്‍ വലിയ വാഹനങ്ങള്‍കൊണ്ട് വരുമ്പോള്‍ അത് യാത്രക്കാര്‍ക്കും ഗ്രാമവാസികള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ഗ്രാമ ഭംഗി ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അത് വേണ്ടുവോളം ഇവിടെ നിന്ന് ലഭിക്കുമെന്നത് തീര്‍ച്ചയാണ്.

കൊല്ലങ്കോട് വരുന്നവരെ കാത്തിരിക്കുന്ന വാമല ക്ഷേത്രം കാണുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ തെളിയുന്നത് ഹൃദയം സിനിമയായിരിക്കും. പ്രണവ് മോഹന്‍ലാലും ദര്‍ശനയും ഒരുമിച്ചിരുന്ന് സംസാരിക്കുന്ന രംഗം ചിത്രീകരിച്ചത് ഇവിടെയാണ്. ക്ഷേത്രത്തിലെ പാറയില്‍ കൊത്തിയുണ്ടാക്കിയ കല്‍പ്പടപുകള്‍ കയറിവേണം മുകളിലെത്താന്‍. മലമുകളില്‍ നിന്നു നോക്കിയാല്‍ കണ്ണെത്താദൂരം പരന്നു കിടക്കുന്ന പാടവും ഇടയിലായി നീണ്ടു നിവര്‍ന്നു നില്‍ക്കുന്ന തെങ്ങുകളും ഗ്രാമത്തിന്റെ നടപ്പാതകളുമെല്ലാം മനോഹര കാഴ്ച്ചകളായി മാറും.

കര്‍ഷകര്‍ക്ക് താമസിക്കാനും നെല്ല് സംഭരണത്തിനും എല്ലാം വേണ്ടി ഉണ്ടാക്കുന്ന കെട്ടിടങ്ങളാണ് കളങ്ങള്‍. ഇവ പാടങ്ങളുടെ അറ്റത്തായാണ് ഉണ്ടാക്കുക. പെരിങ്ങോട്ടുശ്ശേരി കളവും ഇത്തരത്തില്‍ ഉണ്ടാക്കിയ ഒന്നാണ്. വെള്ള പാകിയ ഭിത്തികളും തിണ്ണയും മരത്തടി കൊണ്ടുള്ള തൂണുകളുമുള്ള ഓടിട്ട ഈ കെട്ടിടം കാര്‍ഷിക സമൃദ്ധിയുടെ അടയാളമാണ്. പാലക്കാടന്‍ വിഭവങ്ങളുടെ നാട്ടുരുചികള്‍ കഴിക്കാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.

കൊല്ലങ്കോടിന്റെ സുഖമായ കാലാവസ്ഥ അനുഭവിച്ചറിയാനുള്ള ഇടമാണ് ചിങ്ങന്‍ചിറ. സൂര്യരശ്മികളെ മണ്ണിലേക്ക് കടത്തിവിടാതെ തണല്‍ വിരിച്ച് അഥിതികളെ കാത്തുനില്‍ക്കുന്ന പടര്‍ന്നു പന്തലിച്ച ആല്‍മരങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണമെന്നു തന്നെ പറയാം. ഷൂട്ടിങ്ങ് ലൊക്കേഷനായി തിരഞ്ഞെടുക്കാന്‍ പറ്റിയ സ്ഥലം കൂടിയാണിത്. ഇവിടെയുള്ള ആല്‍മരങ്ങള്‍ക്ക് ഏറെ കാലത്തെ പഴക്കമുണ്ട്. ആല്‍മരങ്ങള്‍ക്ക് നടുവിലായി കറുപ്പ്സ്വാമിയുടെ പ്രതിഷ്ഠയും നിലകൊള്ളുന്നുണ്ട്. ആല്‍മരത്തിന്റെ വേരുകള്‍ ധാരാളമായി നടവഴിയിലൂടെ തൂങ്ങിക്കിടപ്പുണ്ട്. ഇതിനോട് തേര്‍ന്ന് കുളിര്‍മ പകരുന്ന കുളവുമുണ്ട്. വീടുപണി സുഗമായി നടക്കാന്‍ വീടുകളുടെയും കുട്ടികളില്ലാത്തവര്‍ തൊട്ടിലുകളുടെയും രൂപങ്ങള്‍ ആല്‍മരത്തില്‍ കൊട്ടിതൂക്കുന്നത് ഇവിടുത്തെ ഒരു ചടങ്ങാണ്.

ചിങ്ങന്‍ചിറ നിന്നും ഏറെ ദൂരെയല്ലാതെ സന്ദര്‍ശകരെ കാത്തിരിക്കുകയാണ് സീതാര്‍കുണ്ട്. രാമ ലക്ഷ്മണരുടെ വനവാസ കാലത്ത് അവരോടൊപ്പം ചേര്‍ന്ന സീതാദേവി സ്നാനം ചെയ്ത കുണ്ടാണ് സീതാര്‍കുണ്ട് എന്നാണ് ഐതിഹ്യം. നെല്ലിയാമ്പതി മലനിരകളില്‍ നിന്ന് വരുന്ന സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായത് മഴക്കാലമാണ്. എന്നിരുന്നാലും കടുത്തവേനലിനെപ്പോലും തോല്‍പ്പിക്കാന്‍ എന്നപോലെ ചെറിയ തോതില്‍ വെള്ളച്ചാട്ടം എപ്പോഴും ഇവിടെയുണ്ടാവും. സുരക്ഷ ഉറപ്പാക്കി സന്ദര്‍ശകര്‍ക്ക് വെള്ളച്ചാട്ടത്തില്‍ ഇറങ്ങുകയും ചെയ്യാം.