കൊടൈക്കനാലിലെ മഞ്ഞ്മൂടിയ പൈന്‍ മരക്കാടിനുള്ളില്‍ മഞ്ഞുമ്മല്‍ ബോയ്സ് ചെന്ന്പെട്ട ആ ഇരുണ്ട ഗുഹ ഏതാണ്; മരണത്തിന്റെ മണമുള്ള ഡെവിൾസ് കിച്ചണെക്കുറിച്ചറിയാം


യാത്രാ പ്രേമികള്‍ സിനിമാ പ്രേമികള്‍ കൂടിയാണെങ്കില്‍ അത്തരക്കാര്‍ക്ക് ഏറെ താല്‍പര്യപ്പെട്ട ഒരു കാര്യമാണ് സിനിമകള്‍ ഷൂട്ട് ചെയ്ത് പോയ ലൊക്കെഷനുകള്‍ തേടിപ്പിടിച്ച് പോയി അവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കല്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമലഹാസന്റെ ഗുണ എന്ന സിനിമയിലൂടെ നമ്മള്‍ കണ്ടുമറന്ന ഗുണ കേവ് ഇപ്പോള്‍ വീണ്ടും വെള്ളിത്തിരയില്‍ എത്തുകയാണ്. ചിദംബരത്തിന്റെ സംവിധാനത്തില്‍ മലയാളത്തിലെ പുതുമുഖ താരനിര അണിനിരക്കുന്ന മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയുടെ ട്രൈലര്‍ പുറത്തിറങ്ങിയതോടെയാണ് ഗുണ കേവ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.


കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥത്തുനിന്ന് കൊടൈക്കനാലിലെ ഗുണ കേവ് കാണാനെത്തുന്ന ഒരു സംഘം യുവാക്കളുടെ കഥയാണ് മഞ്ഞുമ്മൽ ബോയ്സ് പറയുന്നത്.  കൊടൈക്കനാലിലെത്തുന്ന സാഹസിക സഞ്ചാരികളുടെ  ഒരു സ്വപ്നമായ ഡെവിൾസ് കിച്ചൺ എന്ന പേരില്‍ അറിയപ്പെടുന്ന ഗുണ കേവിന് പിന്നിലെ കഥയെന്താണ്.

കണ്‍മണി അന്‍പൊട് കാതലന്‍ നാന്‍ എഴുതും കടിതമേ… എന്ന വരികളാവും ഒരു പക്ഷേ ഗുണകേവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസിലേക്ക് വന്നെത്തുക. എന്നാല്‍ പ്രണയഗാനത്തിന്റെ മധുരിക്കുന്ന കാവ്യഭാവനയല്ല,  മരണത്തിന്റെ കയപേറിയ യാഥാര്‍ഥ്യം തന്നെയാണ് ഗുണ കേവിനെ ഡെവിൾസ് കിച്ചണാക്കി മാറ്റുന്നത്. ഗുണ എന്ന സിനിമ തിയേറ്ററുകളിൽ എത്തിയതോടെ ഈ കേവ് വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറിയെങ്കിലും അപകട മരണങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത കഥകളാണ് ഇതിനെ ചുറ്റിപ്പറ്റിയുള്ളത്.

കൊടൈക്കനാലിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള ഗുണ കേവ് റോഡിൽ നിന്ന് അല്‍പം ഉള്ളിലേക്ക് മാറിയാണ് സ്ഥിതി ചെയ്യുന്നത്. പാസ് എടുത്ത് കയറി കുറച്ച് ദൂരം നടക്കുമ്പോൾ നിരനിരയായി നില്‍ക്കുന്ന വലിയ മരങ്ങൾ നമ്മുടെ കാഴ്ചയിലേക്കെത്തും. കോടമഞ്ഞില്‍ വീശിയടിക്കുന്ന ശീതക്കാറ്റില്‍ വേരുകള്‍ കെട്ട് പിണഞ്ഞ് കിടക്കുന്ന പൈൻമരക്കാടിനിടയിലൂടെയുള്ള യാത്ര .ചെന്നവസാനിക്കുക നിരവധി പേരുടെ ജീവനെടുത്ത ഗുണ കേവിന് സമീപത്തേക്കാണ്. അവിടെ നിന്ന് പത്ത് മീറ്റർ മാത്രം മാറിയാൽ കൊടൈക്കനാലിലെ പ്രധാന സൂയിസൈഡ് പോയിന്റുകളില്‍ ഒന്നായ അഗാധമായ ഒരു  കൊക്ക കാണാന്‍ സാധിക്കും. കോടമഞ്ഞിനാല്‍ മൂടപെട്ടിരിക്കുന്നതിനാല്‍ ഇതിന്റെ ആഴം ഒരിക്കലും വ്യക്തമാവാറില്ല.  ചുറ്റും കൂറ്റൻ കമ്പിവേലി കെട്ടിത്തിരിച്ചാണ് ഇവിടെ സുരക്ഷയൊരുക്കിയിരിക്കുന്നത്.

ഏകദേശം 600 മീറ്റർ താഴ്ചയുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ഗുണ കേവിനകത്തേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. പുറമെ നിന്ന് നോക്കാമെങ്കിലും കനത്ത ഇരുട്ടിനെ അതിജീവിച്ച് അതിനകത്തെ കാഴ്ചകൾ വ്യക്തമാവുകയില്ല. സമീപത്തെ കൊക്കയിൽ ജീവനൊടുക്കാൻ നിരവധിയാളുകൾ ഇവിടേക്ക് എത്തിയതോടെ ഗുണ കേവിലേക്കുള്ള പ്രവേശനം വനംവകുപ്പ് നിയന്ത്രിച്ചിരുന്നു.

ചരിത്രം പറയുന്നതനുസരിച്ച് 1821ൽ അമേരിക്കക്കാരനായ ബിഎസ് വാർഡ് എന്നയാളാണ് കൂറ്റൻ മരങ്ങൾക്ക് ഇടയിൽ ഭയപ്പെടുത്തുന്ന ഇരുട്ട് നിറഞ്ഞ ഈ ഭയാനകമായ ഗുഹ കണ്ടെത്തിയത്. ഈ കാലഘട്ടത്തില്‍ തന്നെയാണ് ഈ ഗുഹയ്ക്ക് ഡെവിൾസ് കിച്ചൺ എന്ന പേര് ലഭിച്ചതെന്നും പറയപ്പെടുന്നു. എറണാകുളത്ത് നിന്ന് 2006ൽ ഇവിടെയെത്തിയ വിനോദയാത്ര സംഘത്തിലെ ഒരാള്‍ മാത്രമാണ് ഗുണ കേവിൽ അപകടത്തിൽപ്പെട്ട്  ജീവനോടെ പുറത്തുവന്ന ഒരേ ഒരാള്‍.