അഗസ്ത്യകൂടം: കാടും കാട്ടരുവിയും കൊടുമുടിയും താണ്ടി ഒരു ട്രക്കിങ് അനുഭവം- സമീര്‍ നാഷ് എഴുതുന്നു


ഗസ്ത്യകൂട യാത്ര വലയൊരു സ്വപ്‌നമായിരുന്നു. സീസണില്‍ ഒരു ദിവസം കടത്തിവിടുന്നവരുടെ എണ്ണം 100 ആയി പരിമിതപ്പെടുത്തിയതിനാല്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം സന്ദര്‍ശനാനുമതി ലഭിക്കില്ല. പാസിനായി ഓണ്‍ലൈനില്‍ ശ്രമിക്കാറുണ്ടെങ്കിലും കിട്ടാറില്ല. ഇത്തവണ അതുകിട്ടി, അങ്ങനെ ആ ആഗ്രഹം സഫലമായി.

ഈ വര്‍ഷത്തെ യാത്ര ജനുവരി 16 നാണ് ആരംഭിച്ചത്. ഫെബ്രുവരി ആറിനാണ് പാസ് കിട്ടിയത്. സമുദ്രനിരപ്പില്‍ നിന്ന് 6700 അടി ഉയരമുള്ള ഈ പര്‍വ്വതം കയറുന്നതിന് ശാരീരിക ക്ഷമതയുണ്ടെന്ന് ഡോക്ടറുടെ സാക്ഷ്യപത്രവും ഈ വര്‍ഷം മുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. ഈ യാത്രയില്‍ എനിക്ക് കൂട്ടിനായി റൗഫ് മണമല്‍ ഉണ്ടായിരുന്നു.

വൈകിട്ട് ആറിന് ഞങ്ങള്‍ വിതുരയിലെത്തി. രാവിലെ 7 ന് യാത്ര തുടങ്ങുന്ന സ്ഥലമായ ബോണക്കാട് ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനിലേക്കു പുറപ്പെട്ടു. വിതുരയില്‍ നിന്ന് 20കിലോമീററര്‍ വനത്തിലൂടെ ബസില്‍ യാത്ര 10 മണിയോടെ ഞങ്ങളുടെ യാത്ര ആരംഭിച്ചു. ബാഗു മുഴുവന്‍ അരിച്ചു പെറുക്കി പരിശോധിച്ച് പ്ലാസ്റ്റിക്ക് മദ്യം മുതലായവ ഇല്ലെന്ന് ഉറപ്പാക്കിയിട്ടേ കടത്തിവിടുകയുള്ളു. ഉച്ചക്ക് കഴിക്കാന്‍ ഊണ് കൂവയിലയില്‍ പൊതിഞ്ഞ് തന്നു.
രാവിലെ കഴിക്കാന്‍ അവിടെ നിന്നു തന്നെ കിട്ടിയിരുന്നു. ചെറിയ നടപ്പാത വഴി നടന്ന് മലകളെച്ചുറ്റിയും അരുവികള്‍ കടന്നും യാത്ര തുടര്‍ന്നു. കരമനയാറും കടന്നു പോയി. ഒരു വെള്ളച്ചാട്ടത്തില്‍ കുളിച്ച് ഊണും കഴിച്ച് പുല്‍മേടു വഴി യാത്ര തുടര്‍ന്നു. പുല്‍മേട്ടില്‍ നിന്നുള്ള കാഴ്ചകള്‍ 360 ഡിഗ്രിയാണ്. പറഞ്ഞറിയിക്കാനാവാത്ത കാഴ്ചകള്‍ തന്നെ. പുല്‍മേട്ടില്‍ നിന്ന് നേരെ നിത്യഹരിതവനത്തിലൂടെ ചെങ്കുത്തായി ഒരു മണിക്കൂറോളം കയറി ആദ്യ ദിവസത്തെ താമസ സ്ഥലമായ അതിരുമലയിലെത്തി. സമയം വൈകിട്ട് 5 ആയിരുന്നു.

പാസ് കൊടുത്ത് കിടക്കാനുള്ള പായയും വാങ്ങി ഷെഡില്‍ കയറി. അവിടുന്ന് കട്ടന്‍ ചായയും ബജിയും കിട്ടി. അതിരുമലയില്‍ നിന്നാല്‍ അഗസ്ത്യകൂട പര്‍വ്വതം വ്യക്തമായി കാണാനാവും. രാത്രിയില്‍ നല്ലതണുപ്പും കാറ്റും ഉണ്ടായിരുന്നു. അത്താഴത്തിന് കഞ്ഞിയും പയറും കിട്ടി. താമസ സ്ഥലത്തിനു എല്ലാ വശവും കിടങ്ങായതിനാല്‍ മൃഗങ്ങളെ പേടിക്കേണ്ടതില്ല.

പിറ്റേന്ന് ഫെബ്രുവരി 7. രാവിലെ 7 ന് തന്നെ മുകളിലേക്ക് യാത്ര തുടങ്ങി. നിത്യഹരിതവനത്തിലൂടെയും ഈറ്റക്കാടുകളിലൂടെയും ചെങ്കുത്തായി കയറി 10 മണിയോടെ പൊങ്കാലപ്പാറയിലെത്തി. അവിടെ താമ്രപര്‍ണിയുടെ ഉത്ഭവസ്ഥാനത്തിനടുത്തിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചു. വീണ്ടും പാറയും കുറ്റിക്കാടും എയര്‍കണ്ടീഷന്‍ കാടും കടന്ന് വടങ്ങളില്‍ തൂങ്ങിയും പാറയില്‍ അള്ളിപ്പിടിച്ചും മറ്റും 12 മണിക്ക് ഏറ്റവും മുകളിലെത്തി.

തമിഴ്‌നാട്ടില്‍ നിന്ന് വന്ന 73 കാരനും അഞ്ച് വനിതകളും ഉള്‍പ്പെടെ 85 പേരോളം മുകളില്‍ കയറിയിരുന്നു. അരമണിക്കൂറോളം അവിടെ നിന്ന് കാഴ്ചകള്‍ ആസ്വദിച്ചു.

തമിഴ്‌നാട്ടിലെ അണക്കെട്ടുകളും മറ്റും നന്നായി കാണാം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അവയില്‍ ധാരാളം വെള്ളം ഉണ്ട്. തിരിച്ച് ഇറങ്ങി 4 മണിക്ക് അതിരുമലയിലെത്തി. കഞ്ഞി കുടിച്ചു. അപ്പോഴേക്ക് രണ്ടാം ദിവസത്തെ പുതിയ യാത്രികരും എത്തിത്തുടങ്ങിയിരുന്നു. രണ്ടാം ദിവസം മുതല്‍ വന്നവര്‍ക്ക് കിടക്കാന്‍ ഫോം കിടക്ക കിട്ടി. പക്ഷെ ആദ്യം ചെന്ന ഞങ്ങള്‍ പായയില്‍ത്തന്നെ കിടക്കേണ്ടി വന്നു.

മൂന്നാം ദിവസം ഫെബ്രുവരി 8 രാവിലെ 87ന് തിരിച്ച് ഇറങ്ങിത്തുടങ്ങി. രണ്ടുമണിയോടെ ബോണക്കാട് പിക്കറ്റ് സ്റ്റേഷനില്‍ എത്തി. ഊണു കഴിച്ചിട്ട് 3 മണിയോടെ തിരികെ യാത തുടങ്ങി. ഈ വര്‍ഷത്തെ യാത്രയില്‍ കൂടുതലായും ചെറുപ്പക്കാരെയാണ് കണ്ടത്.

ഓരോ യാത്രയിലും കൂട്ടിനു കിട്ടുന്ന സഹയാത്രികര്‍ നമുക്ക് എന്നും ഓര്‍ത്തു വയ്ക്കാവുന്നവര്‍ തന്നെയാണ്. വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചെറുപ്പക്കാര്‍ ഈ സ്ഥലം കാണാന്‍ കാണിക്കുന്ന താല്പര്യം കണ്ടിട്ട് സന്തോഷം തോന്നുന്നു.

പ്രശസ്ത ബ്ലോഗര്‍ ഫാന്റം ട്രയല്‍ കഷപ്പെട്ട് ധാരാളം ചിത്രങ്ങള്‍ പകര്‍ത്തിയതായി കണ്ടു… അതിരുമലയില്‍ രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ കേട്ട ഒരു സംഭാഷണം ഇങ്ങിനെയായിരുന്നു. ‘എടാ ഈ ഷെഡില്‍ കിടക്കുന്നവന്‍മാര്‍ക്കെല്ലാം വട്ടാണ്. ഇത്ര കഷ്ടപ്പെട്ട് ഇവിടെ വന്ന് ഈ നിലത്തു തണുപ്പടിച്ചു കിടക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ. അപ്പുറെ കിടക്കുന്ന ഒരു പുള്ളി ഏഴാമത്തെ തവണയാണു വരുന്നതെന്ന് പറയുന്നു. കൂടെയുള്ളയാള്‍ നാലാമതും. ആ പുള്ളിക്കൊക്കെ മുഴുവട്ടു തന്നെയാ’

ആ പറഞ്ഞത് എന്നെ മാത്രം ഉദ്ദേശിച്ചാണെന്ന് മനസ്സിലായി. അവര്‍ പറഞ്ഞതിലും കാര്യമില്ലേയെന്ന് ക്ഷീണിച്ച് മടുത്ത് ബോണക്കാടു ലക്ഷ്യമാക്കിയുള്ള മൂന്നാം ദിന യാത്രയില്‍ തോന്നുമെങ്കിലും അടുത്ത വര്‍ഷം ഓണ്‍ലൈന്‍ ബുക്കിംഗ് കണ്ടാല്‍ വീണ്ടും ഇടിച്ചു കയറും….

സമീര്‍ നാഷ്: കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി. കൊയിലാണ്ടിയില്‍ ക്രിയേറ്റീവ് പ്രിന്റിങ് സ്ഥാപനം നടത്തുന്നു