ഈ കൊടുംചൂടിലും കുളിരണിയാം, കൊയിലാണ്ടിയില്‍നിന്നും ഏറെദൂരം പോകാതെ തന്നെ, വനസൗന്ദര്യത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന കക്കാടംപൊയിലിലെ കാഴ്ചകള്‍ അറിയാം


മലപ്പുറം: മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലുമായി വ്യാപിച്ചു കിടക്കുന്ന വിനോദസഞ്ചാര മേഖലയാണ് കക്കാടം പൊയില്‍. കോടമഞ്ഞും ധാരാളം മലനിരകളും വെള്ളച്ചാട്ടങ്ങളും നിബിഢവനങ്ങളുംകൊണ്ട് നിറഞ്ഞ ഇവിടം മിനി ഗവി എന്നാണ് അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തി ഇരുന്നൂറ് മീറ്റര്‍ ഉയരത്തില്‍ ആണ് കക്കാടംപൊയില്‍ സ്ഥിതി ചെയ്യുന്നത്. വനത്തിനുള്ളില്‍ ആദിവാസികളെയും കാണാം. വന്യമൃഗങ്ങളുടെ സാമീപ്യവും ഇവിടെ അനുഭവപ്പെടാറുണ്ട്. പ്രകൃതിയോട് ഇണങ്ങി നടക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഏറെ ഇഷ്ടപ്പെടുന്നൊരു സ്ഥലമാണിത്. വിനോദസഞ്ചാര മേഖലയാണെങ്കിലും വനത്തിന്റെ സൗന്ദര്യത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. വാഴ, റബ്ബര്‍, കുരുമുളക്, തെങ്ങ്, ജാതിക്ക, ഏലം, കവുങ്ങ്, കൊക്കോ എന്നിവയാണ് ഇവിടുത്തെ കാര്‍ഷിക വിളകള്‍. കക്കാടംപൊയിലില്‍ ധാരാളം കാഴ്ച്ചകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

കോഴിപ്പാറവെള്ളച്ചാട്ടം
എടവണ്ണ ഫോരസ്റ്റ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന കേരള വനം വകുപ്പിന്റെ സംരക്ഷണത്തിനു കീഴിലാണ് കോഴിപ്പാറ വെള്ളച്ചാട്ടം നിലനില്‍ക്കുന്നത്. ഇത് കക്കാടംപൊയില്‍ വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നടു. വേനലിലും തണുപ്പ് അനുഭവപ്പെടുന്ന കാലാവസ്ഥയാണ് ഇവിടെ. സന്ദര്‍ശകരുടെ സുരക്ഷ മുന്‍നിര്‍ത്തി പുഴയുടെ തീരങ്ങളിലൂടെ ഇരുമ്പ് കൈവരികള്‍ വച്ചിട്ടുണ്ട്. ഇടതൂര്‍ന്ന വനളാല്‍ നിറഞ്ഞ ചുറ്റുപാട് വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നു. വേലല്‍ക്കാലത്ത് വെള്ളച്ചാട്ടത്തിനു താഴെ ഇറങ്ങാല്‍ അവസരം ലഭിക്കും.

പഴശ്ശിഗുഹ വനസൗഹൃദ യാത്ര
കോഴിപ്പാറ വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവരെ കാത്തിരിക്കുന്ന മറ്റൊരു കാഴ്ചയാണ് പഴശ്ശിഗുഹകളിലൂടെയുള്ള യാത്ര. വനം വകുപ്പിന്റെ കീഴിലുള്ള രണ്ട് മണിക്കൂര്‍ നീണ്ട ട്രെക്കിങ്ങില്‍ പഴശ്ശികാടും കാടിനുള്ളിലെ പഴശ്ശിയുടെ ഒളിത്താവളങ്ങളായ ഗുഹകളും കാണാം. ഗുഹക്കുള്ളില്‍ ഒരു പീഠവും ഉണ്ട്. ആറു കിലോമീറ്റര്‍ കാടിനുള്ളിലൂടെ കാടിനെ തൊട്ടറിഞ്ഞുള്ള യാത്രയാണിത്. ഗൈഡ് ഉള്‍പ്പെടെ ആറുപേര്‍ക്കാണ് ഒരു ട്രിപ്പില്‍ പോകാന്‍ സാധിക്കുക. ഈ പ്രദേശത്ത് താമസിക്കുന്ന ആദിവാസികള്‍ വര്‍ഷത്തില്‍ ഒരു തവണ വീരപഴശ്ശിയുടെ സ്മൃതിയില്‍ ഇവിടെ ഉത്സവം ആഘോഷിക്കുന്നു.

കുരിശുമല
കക്കാടംപൊയിലുള്ള മനോഹരമായൊരു കാഴ്ച്ചയാണ് കുരിശുമല. രണ്ട് മലകളാണ് ഇവിടെയുള്ളത്. അതില്‍ ആദ്യത്തെ മലയിലാണ് ക്രിസ്തുവിന്റെ ഓര്‍മ്മപ്പെടുത്തലുമായി കുരിശ് നിലനില്‍ക്കുന്നത്. മലയുടെ താഴ്‌വാരം വരെ ആവശ്യമുള്ളവര്‍ക്ക് വാഹനം കൊണ്ടുപോകാം. പക്ഷെ കാല്‍നട യാത്രക്കാണ് അതിന്റെ ഭംഗിയത്രയും കാണിച്ചുതരാന്‍ കഴിയുകയുള്ളു. അതിരാവിലെയും വൈകുംനേരങ്ങളിലും ഇവിടെ കോടമഞ്ഞു മൂടുന്നത് കാഴ്ച്ചക്കാര്‍ക്ക് വളരെ കൗതുകമുണര്‍ത്തുന്ന കാഴ്ച്ചയാണ്. മലമുകളിലേക്ക് കയറുന്ന വഴിയില്‍ ആളുകളുടെ ഏകദേശം ഉയരത്തിലാണ് പുല്ലുകള്‍ വളര്‍ന്നു നില്‍ക്കുന്നത്.