കേരളത്തിലെ ഊട്ടിയിലെ കാടും പുൽമേടും കാണാം, ഒപ്പം കടൽകാറ്റേറ്റ് ചരിത്ര നിർമ്മിതികളുടെ ഭംഗിയും ആസ്വദിക്കാം; പോകാം കാസർകോടൻ കാഴ്ചകൾ കാണാൻ
പരീക്ഷാച്ചൂട് കഴിഞ്ഞ് കുട്ടികള്‍ അവധിയാഘോഷിക്കുന്ന തിരക്കിലാണ്. അതിനാൽ തന്നെ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന മലയാളികൾക്കാവശ്യവും കുടുംബത്തോടൊപ്പം സന്തോഷ നിമിഷങ്ങൾ പങ്കിടാൻ പറ്റുന്ന ഇടങ്ങളാണ്. അതിന് പറ്റിയെ നല്ലൊരു ഓപ്ഷനാണ് കാസർകോട് ജില്ല. ചരിത്രമുറങ്ങുന്ന ബേക്കല്‍ കോട്ടയും നിത്യഹരിതവനങ്ങളും പുൽച്ചെടികളുടെ പച്ചപ്പും കോടമഞ്ഞുമുള്ള റാണിപുരവും ബീച്ചുകളുമുള്‍പ്പെടുന്ന കാസര്‍കോടന്‍ കാഴ്ചകള്‍ കണ്ട് ഈ അവധിക്കാലം നിങ്ങൾക്ക് ആഘോഷമാക്കാം.
കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം മുതൽ വെെവിധ്യങ്ങായ ഒത്തിരി സ്ഥലങ്ങളുണ്ട് കാസർകോട് നിങ്ങളെ കാത്ത്. കൊയിലാണ്ടിയിൽ നിന്നും ഏകദേശം നാല് മണിക്കൂർ സഞ്ചരിച്ചാൽ നിങ്ങൾക്ക് കാസർകോട് ജില്ലയിലെത്താം. കുറഞ്ഞത് രണ്ട് ദിവസത്തെ യാത്ര പ്ലാൻ ചെയ്ത് പോവുകയാണെങ്കിൽ ക്ഷീണമെല്ലാം മാറ്റി പതിയെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ യാത്ര ചെയ്ത് മടങ്ങാം.
അവധിക്കാലത്ത് സുഹൃത്തുക്കളോടൊപ്പവും കുടുംബത്തോടൊപ്പവും ആസ്വദിക്കാനും ആഘോഷിക്കാനും കഴിയുന്ന കാസര്‍കോട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ പരിചയപ്പെടാം.
ബേക്കല്‍ കോട്ട
പതിനേഴാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ ചരിത്ര നിര്‍മ്മിതി ഇന്ന് ജില്ലയുടെ തന്നെ മേല്‍വിലാസമായി നിലകൊളളുന്നു. പളളിക്കര വില്ലേജില്‍ കടലിനോടു ചേര്‍ന്നുളള 35 ഏക്കര്‍ സ്ഥലത്താണ് കോട്ട സ്ഥിതി ചെയ്യുന്നത്. വെട്ടുകല്ലില്‍ തീര്‍ത്ത 130 അടി ഉയരത്തിലുളള കോട്ടയുടെ ആകൃതി ഒരു താക്കോല്‍ ദ്വാരത്തിനു സമാനമാണ്. 12 മീറ്റര്‍ ഉയരത്തിലാണ് മതിലുകള്‍ പണിതിട്ടുളളത്. ഏതാനു നൂറ്റാണ്ടുകള്‍ മുമ്പുവരെ വലിയ പീരങ്കികള്‍ ഘടിപ്പിച്ചിരുന്ന നിരീക്ഷണ ഗോപുരങ്ങളും പടവുകളോടു കൂടിയ ജലസംഭരണിയും തെക്കുഭാഗത്തേക്ക് തുറക്കുന്ന തുരങ്കവുമാണ് കോട്ടയില്‍ ഇപ്പോഴും ശേഷിക്കുന്ന വിസ്‌മയകരമായ നിര്‍മ്മിതികള്‍.
കാഴ്‌ച്ചയിലെ പ്രൗഢിയ്‌ക്കൊപ്പം മാറിമാറി വന്ന ഓരോ അധികാരികളും ഒരുക്കിയ പ്രതിരോധ സൗകര്യങ്ങള്‍ കൂടിയാണ് കോട്ടയെ കാലാകാലങ്ങളില്‍ ആകര്‍ഷണകേന്ദ്രമായി നില നിര്‍ത്തിയത്. കോട്ടയ്‌ക്കു സമീപം ഒരു ഹനുമാന്‍ ക്ഷേത്രവും ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന ഒരു പളളിയുമുണ്ട്. കോട്ടയില്‍ നിന്ന് ഒരു കിലോമീറ്ററേയുളളു ബേക്കല്‍ കടല്‍ത്തീരത്തേക്ക്.
കാസര്‍കോട് നിന്ന് 16.5 കിലോമീറ്റര്‍ ദൂരത്തായും കാഞ്ഞങ്ങാട് നിന്ന് 12 കിലോമീറ്റര്‍ ദൂരെയുമാണ് ലോകപ്രശസ്തമായ ഈ കോട്ട സ്ഥിതി ചെയ്യുന്നത്.
റാണിപുരം
പച്ചപ്പിന്‍റെ മാന്ത്രികക്കാഴ്ചകളാണ് റാണിപുരം ഹിൽ സ്റ്റേഷന്‍റെ പ്രത്യേക. കാടും മലകളും കുന്നും പുൽമേടുകളും താണ്ടിയെത്തുന്ന കാഴ്ചകളുടെ ലോകം. വെറും റാണിയല്ല, പ്രകൃതി സൗന്ദര്യത്തിന്‍റെ മോഹിപ്പിക്കുന്ന റാണിയാണ് റാണിപുരം എന്നുതന്നെ പറയണം.
കടല്‍നിരപ്പില്‍ നിന്നും 750 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റാണിപുരമാണ് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം. മുമ്പ് മാടത്തുമല എന്നറിയപ്പെട്ടിരുന്ന ഇവിടം നിത്യഹരിത ചോലവനങ്ങളും വിശാലമായ പുല്‍മേടുകളും നിറഞ്ഞതാണ്. കാഞ്ഞങ്ങാടു നിന്നും 43 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ സ്ഥലമാണിത്.
ആന, പുലി, കാട്ടുപന്നി, കുരങ്ങ്, മലയണ്ണാന്‍ തുടങ്ങിയ മൃഗങ്ങളും അസംഖ്യം കിളികളും ചിത്രശലഭങ്ങളും അപൂര്‍വ ഔഷധ സസ്യങ്ങളുമെല്ലാം അധിവസിക്കുന്ന റാണിപുരത്തിനോടു ചേര്‍ന്നാണ് കര്‍ണാടകത്തിലെ കൂര്‍ഗ് മലനിരകളും തലക്കാവേരി വന്യജീവി സങ്കേതവും ഉളളത്. പ്രകൃതിസ്‌നേഹികള്‍ക്കും സാഹസികപ്രേമികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണിത്. മലമുകളിലേക്കും തിരിച്ചും അഞ്ചു കിലോമീറ്റര്‍ ദൂരം ട്രെക്കിങ്ങ് പാതയുണ്ട്. കാഞ്ഞങ്ങാടു നിന്നും പനത്തടിയില്‍ നിന്നും റാണിപുരത്തേക്കെത്താം. സഞ്ചാരികള്‍ക്കായി ഇവിടെ ഡിടിപിസിയുടെ താമസസൗകര്യവും ലഭ്യമാണ്.
കോട്ടപ്പുറം പുരവഞ്ചി കേന്ദ്രം
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പുഴകളെയും കായലുകളെയും ബന്ധിപ്പിച്ചുള്ള വിനോദസഞ്ചാരം ലക്ഷ്യമിട്ടാണ് പുരവഞ്ചി കേന്ദ്രം ഒരുക്കിയത്. ആലപ്പുഴ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഹൗസ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത് കോട്ടപ്പുറത്താണ്. പുരവഞ്ചി കേന്ദ്രത്തിലെത്തുന്നവര്‍ക്ക് ‘വെളിച്ചം’ എന്ന പേരില്‍ ബുക്ക് ലൈബ്രറിയും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള കളിസ്ഥലം, ശൗചാലയം, ലഘുഭക്ഷണശാല എന്നിവയുമുണ്ട്. വലിയ പറമ്പിലും പുരവഞ്ചി യാത്രയ്ക്ക് നിരവധിയാളുകളെത്തുന്നുണ്ട്.
കൈറ്റ് ബീച്ച് കാഞ്ഞങ്ങാട്
ഹൊസ്ദുര്‍ഗ് കടപ്പുറത്തെ കൈറ്റ് ബീച്ചിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കുട്ടികള്‍ക്കുള്ള കളിസ്ഥലം, ലഘുഭക്ഷണശാല, ശൗചാലയം, ഇരിപ്പിടങ്ങള്‍, സെല്‍ഫി പോയിന്റുകള്‍, സുവനീര്‍ ഷോപ്പ് തുടങ്ങിയ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. രാവിലെ മുതല്‍ രാത്രി വരെ ഇവിടെ പ്രവേശിക്കാം.
ബീച്ചുകള്‍
ആര്‍ത്തിരമ്പുന്ന കടലിന്റെ മനോഹാരിതയും കണ്ട് തിരമാലകളുടെ ഉച്ചത്തിലുള്ള വര്‍ത്തമാനങ്ങളും ശ്രവിച്ചിരിക്കാൻ ഒത്തിരി ബീച്ചുകളുണ്ട് കാസർകോട്. അഴിത്തല, ഹൊസ്ദുര്‍ഗ്, പള്ളിക്കര (ബേക്കല്‍), ചെമ്പരിക്ക, വലിയപറമ്പ്, മഞ്ചേശ്വരം കണ്വതീര്‍ഥ എന്നിവയാണ് ജില്ലയിലെ പ്രധാന ബീച്ചുകള്‍.
തീര്‍ഥാടന ടൂറിസം
തീര്‍ഥാടന ടൂറിസത്തിന്റെ ഭാഗമായി അനന്ദപുരം ക്ഷേത്രം, മധൂര്‍ ക്ഷേത്രം, ബേള ചര്‍ച്ച്, മാലിക് ദിനാര്‍ പള്ളി, മഡിയന്‍ കൂലോം ക്ഷേത്രം, തൃക്കണ്ണാട് ക്ഷേത്രം, പാലക്കുന്ന് ഭഗവതിക്ഷേത്രങ്ങളും കാഞ്ഞങ്ങാട്ടുള്ള നിത്യാനന്ദാശ്രമവും ആനന്ദാശ്രമവും ജില്ലയിലെ ഏക ജൈന ക്ഷേത്രമായ മഞ്ചേശ്വരത്തെ ചതുര്‍മുഖ ക്ഷേത്രവും സന്ദര്‍ശിക്കാം. തെയ്യക്കാലമായതോടെ മറ്റ് ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍നിന്നും നിരവധി സഞ്ചാരികളെത്തുന്നുണ്ട്.