‘പറ‍ഞ്ഞതൊന്നും മാറ്റിയിട്ടില്ല, തെരഞ്ഞെടുപ്പിൽ വിലകുറഞ്ഞ പണി എടുക്കേണ്ട കാര്യം തനിക്കില്ല’; പ്രതികരണവുമായി കെ കെ ശൈലജ ടീച്ചർ


കോഴിക്കോട്: സൈബർ ആക്രമണത്തിനെതിരെ പറഞ്ഞതൊന്നും മാറ്റിപ്പറഞ്ഞിട്ടില്ലെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ. തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കും. തെരഞ്ഞെടുപ്പിൽ വില കുറഞ്ഞ പണിയൊന്നും എടുക്കേണ്ട കാര്യം തനിക്കില്ലെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി. സോഷ്യൽ മീഡിയ ഇംപാക്ട് യു.ഡി.എഫിന് ബൂമറാങ്ങായി വരും. തനിക്കെതിരായ സൈബർ ആക്രമണത്തിൽ ജനത്തിന് പ്രതിഷേധമുണ്ടെന്നും ശൈലജ ടീച്ചർ പറഞ്ഞു.

”സൈബർ ഇടത്തിൽ അധാർമിക നീക്കം എനിക്കെതിരെ ഉണ്ടായി. സൈബർ ആക്രമണമാണ് വടകരയിൽ ചർച്ച എന്നത് ശരിയല്ല. എന്റെ പൊളിറ്റിക്കൽ ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്തു, അതിന് മാധ്യമങ്ങളെ ഉപയോ​ഗിച്ചു. ചിന്തിക്കുന്ന ജനങ്ങൾ എനിക്കൊപ്പം നിൽക്കും. ഞാൻ എനിക്കെതിരെ ആരോപണം ഉണ്ടാക്കുമോ? വില കുറഞ്ഞ പണിയൊന്നും എടുക്കേണ്ട കാര്യമില്ല. ഞാൻ ഒന്നും മാറ്റിപ്പറഞ്ഞിട്ടില്ല. തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കും. ഷാഫി നിയമ നടപടി സ്വീകരിച്ചോട്ടെ. എന്തെങ്കിലും ഉണ്ടെങ്കിലല്ലേ നേരിടേണ്ട ആവശ്യമുള്ളൂ? ഞാൻ നിയമ നടപടി എടുക്കുന്നത് കൊണ്ട് അവരും ചെയ്യുന്നു എന്നേ ഉള്ളൂ.” കെകെ ശൈലജ ടീച്ചർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങള്‍വഴി തന്നെ അധിക്ഷേപിക്കാന്‍ ശ്രമിച്ചതിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി നല്ല ധാര്‍മികതയുള്ള മനുഷ്യരുടെ മനസ്സില്‍ പ്രതിഷേധമുണ്ട്. തന്റെ പാര്‍ട്ടിയില്‍പ്പെടാത്തവരില്‍ ചിലര്‍ വിളിച്ചിരുന്നു. തങ്ങള്‍ ചിലത് കണ്ടെന്നും അതില്‍ വിഷമിക്കരുതെന്നും അവര്‍ പറഞ്ഞു. അത്തരത്തിൽ ചിന്തിക്കുന്ന കുറേപേരുണ്ടാകുമെന്നും ടീച്ചർ പറഞ്ഞു.