കണ്ണൂരില്‍ 600 ഏക്കറില്‍ പരന്നുകിടക്കുന്ന അത്ഭുതം; മാടായിപ്പാറയിലെ കാഴ്ചകള്‍ കാണാന്‍ പോയിട്ടുണ്ടോ?


ണ്ണൂര്‍ ജില്ലയിലെ മാടായി ഗ്രാമപഞ്ചായത്തില്‍, പഴയങ്ങാടിക്ക് അടുത്തായി സ്ഥിതിചെയ്യുന്ന കുന്നിന്‍ പ്രദേശമാണ് മാടായിപ്പാറ. വിവിധതരത്തിലുള്ള ചെടികളും പക്ഷികളും പൂമ്പാറ്റകളും നിറഞ്ഞ മാടായിപ്പാറ കണ്ണൂരില്‍ പ്രകൃതി ഒരുക്കിയ അത്ഭുതം തന്നെയാണ്.

കണ്ണൂര്‍ നഗരത്തില്‍നിന്നും 25 കിലോമീറ്റര്‍ ദൂരത്താണ് അതിമനോഹരമായ ഈ പ്രദേശം. ഏകദേശം 600 ഏക്കറോളം പരന്നുകിടക്കുന്ന ഈ സ്ഥലം പ്രകൃതിഭംഗിയാലും ജൈവവൈവിധ്യങ്ങളാലും സമ്പന്നമാണ്. പഴയകാലത്ത് നാവികര്‍ക്ക് വഴികാട്ടിയായിരുന്ന ഏഴിമലക്ക് തൊട്ടുകിഴക്കാണ് മാടായിപ്പാറ.

പൂക്കളുടെ നാട്:

മുന്നൂറിലധികം തരത്തിലുള്ള പൂക്കള്‍ വിരിയാറുള്ള സ്ഥലമാണ് മാടായിപ്പാറ. ഇവിടെ പുല്ലുകള്‍ തന്നെയുണ്ട് 30 വ്യത്യസ്ത ഇനങ്ങളിലുള്ളത്. 250ഓളം ഇനം മറ്റുചെടികളുമുണ്ട്. ഇതില്‍ 24 എണ്ണം ഔഷധ പ്രാധാന്യമുള്ളവയാണ്. 70ഓളം പക്ഷികളെയും ഇവിടെ കണ്ടെത്തിയിയിട്ടുണ്ട്. പ്രകൃതി ഒരു ജൈവവസന്തം തന്നെ ഇവിടെ ഒരുക്കിയിരിക്കുന്നു.

പൂക്കളെപ്പോലെ തന്നെ പൂമ്പാറ്റകളുടെയും ഇടമാണിവിടം. 100ല്‍ അധികം ഇനം ചിത്രശലഭങ്ങള്‍ പറന്നുകളിക്കുന്ന സ്ഥലമാണിത്. എന്നാല്‍ അടുത്തകാലത്ത് വലിയ തോതിലുള്ള പ്രകൃതി ചൂഷണത്താല്‍ ചിത്രശലഭങ്ങള്‍ക്കും വംശനാശം നേരിട്ടിട്ടുണ്ട്.

ഓണക്കാലത്ത് കാക്കപൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന മാടായിപ്പാറ നീലക്കടലെന്ന് തോന്നും. മണ്‍സൂണിന്റെ വരവോടെ പാറ നിറയെ വളര്‍ന്ന് നില്‍ക്കുന്ന കാക്കപ്പൂ ചെടി മാടായിപ്പാറയില്‍ നീല വസന്തമൊരുക്കും. ആഗസ്റ്റ് അവസാനം വരെയുണ്ടാവും ഈ കാഴ്ച.

വടുകുന്ദ് തടാകം:

മാടായിപ്പാറയിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് വടുകുന്ദ് തടാകം. വടുകുന്ദ് തടാകത്തിലെ വെള്ളത്തിന് നല്ല തണുപ്പാണ്. ഏത് കൊടും വേനലിലും ഈ തടാകം ജലസമൃദ്ധമായിരിക്കും. കത്തിയെരിയുന്ന മീനച്ചൂടിലും പരുന്തുകളും നീര്‍കാക്കകളും വെള്ളരികൊക്കുകളും ദാഹജലത്തിനും കുളിക്കാനും ഇവിടെയെത്തുന്നു.

മാടായിപ്പാറക്ക് മുകളില്‍ തെക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന പുരാതന കോട്ടയുണ്ട്. മാടായിക്കോട്ടയെന്നാണ് അറിയപ്പെടുന്നത്. ഇന്ന് ഇത് മദ്യപന്മാരുടെയും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും കേന്ദ്രമെന്നപോലെയാണ്.