വലിയ ഭൂരിപക്ഷത്തില്‍ ഷാഫി പറമ്പില്‍ വിജയിക്കും; സി.പി.എമ്മിന് വടകരയിലെ ജനത നല്‍കുന്ന തിരിച്ചടി കനത്തതായിരിക്കുമെന്നും പാറക്കല്‍ അബ്ദുള്ള


വടകര: വടകര ലോക്‌സഭാ മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയിക്കുമെന്ന് വടകരയിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പാറക്കല്‍ അബ്ദുള്ള. കഴിഞ്ഞ തവണ കെ.മുരളീധരന്‍ നേടിയ ഭൂരിപക്ഷത്തേക്കാള്‍ കൂടിയ ഭൂരിപക്ഷത്തില്‍ ഷാഫി ജയിക്കുമെന്നും പാറക്കല്‍ അബ്ദുള്ള കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഏഴ് നിയോജക മണ്ഡലത്തിലും ഇത്തവണ യു.ഡി.എഫ് മുന്നേറ്റമുണ്ടാകും. ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഘടകം ദേശീയ രാഷ്ട്രീയം നേരുന്ന വെല്ലുവിളിയാണ്. ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവുമൊക്കെ തകര്‍ച്ചയിലേക്ക് പോകുകയാണ്. ഈ സാഹചര്യത്തില്‍ സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത് കള്ളക്കളിയാണ്. ആകെ 44 സീറ്റുകളിലാണ് സി.പി.എം മത്സരിക്കുന്നത്. എന്നിട്ട് ഇടതുപക്ഷമുണ്ടെങ്കിലേ ഇന്ത്യയുള്ളൂവെന്നും മതന്യൂനപക്ഷങ്ങളുടെ സംരക്ഷകരാണ് തങ്ങളെന്നും പറയുന്നതിലെ യുക്തിയെന്താണെന്നും പാറക്കല്‍ അബ്ദുള്ള ചോദിക്കുന്നു.

ഇന്ത്യാരാജ്യത്ത് മോദിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വമാണ് നിലവിലുള്ളത്. അങ്ങനെയുള്ള രാഹുല്‍ ഗാന്ധിയ്‌ക്കെതിരെയാണ് ഇടതുപക്ഷം മത്സരിക്കുന്നതും പ്രസംഗിക്കുന്നതുമെല്ലാം. മോദിയ്‌ക്കെതിരെയോ ബി.ജെ.പിയ്‌ക്കെതിരെയോ മിണ്ടുന്നില്ല. രാജ്യത്തെ നിക്ഷ്പക്ഷ വിഭാഗത്തിനും ജനാധിപത്യവിശ്വാസികള്‍ക്കും ഇതിലൊക്കെ വലിയ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനും, കെ.മുരളീധരനും സ്ഥാനാര്‍ത്ഥിയായി വന്ന സമയത്ത് വലിയ സ്വീകരണം ലഭിച്ചതാണ്. 2024 ല്‍ ഷാഫി വന്നപ്പോള്‍ ഇതേ സ്വീകരണം ലഭിച്ചു. എന്നാലതിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ലഭിച്ച സ്വീകരണത്തെ മാറ്റി ഷാഫിയുടെ പേരിനെ കൂട്ടുപിടിച്ച് വര്‍ഗീയ ധ്രുവീകരണത്തിനാണ് എല്‍.ഡി.എഫ് ശ്രമിച്ചത്. ആര്‍.എസ്.എസിനെക്കാള്‍ മോശമായി തെരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിച്ചതിന്റെ ദുരന്തം അവര്‍ അനുഭവിക്കും. വടകരയിലെ ജനത മതേതര രാഷ്ട്രീയം ഉള്‍ക്കൊള്ളുന്നവരാണ്. ഇതിന്റെ തിരച്ചടി കനത്തതായിരിക്കുമെന്നും പാറക്കല്‍ അബ്ദുള്ള പറഞ്ഞു.