‘തെരഞ്ഞെടുപ്പില്‍ ആരും ജയിക്കട്ടെ, ജയിക്കരുത് വടകരയില്‍ വര്‍ഗീയത, പ്രചരണത്തിന്റെ അവസാന ലാപ്പില്‍ ഷാഫിയുടെ മതനിരപേക്ഷ ജീവിതത്തിനുമേല്‍ സി.പി.എം വര്‍ഗീയ ചാപ്പ കുത്തി’ വിമര്‍ശനവുമായി കെ.കെ.രമ
വടകര: വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍.എം.പി നേതാവ് കെ.കെ.രമ എം.എല്‍.എ. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് സി.പി.എം സാമുദായിക നിറം നല്‍കുകയും ഷാഫിയുടെ മതനിരപേക്ഷ ജീവിതത്തിനുമേല്‍ കടുത്ത വര്‍ഗീയ ചാപ്പ കുത്തുകയും ചെയ്‌തെന്നാണ് രമയുടെ ആരോപണം. പരാജയഭീതികാരണം തെരഞ്ഞെടുപ്പിനുശേഷവും സി.പി.എം ഈ പ്രവണത തുടരുകയാണെന്നും ഇത് ഭാവിയില്‍ നാടിന്റെ സൈ്വര്യ ജീവിതത്തിനുമേല്‍ കോരിയിടാന്‍ പോകുന്ന തീക്കനലുകളെക്കുറിച്ച് സി.പി.എം നേതാക്കള്‍ക്ക് ഒരാശങ്കയുമില്ലയെന്നത് ഭയാനകമായ കാര്യമാണെന്നും രമ ആരോപിക്കുന്നു.
കെ.കെ.രമയുടെ കുറിപ്പ് വായിക്കാം:
തെരഞ്ഞെടുപ്പില്‍ ആരും ജയിക്കട്ടെ. ജയിക്കരുത് വടകരയില്‍ വര്‍ഗീയത
വടകരയിലെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കവേ, ഷാഫി പറമ്പിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് സാമുദായിക നിറം നല്‍കി വ്യാഖ്യാനിച്ച സി.പി.എം പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ അദ്ദേഹത്തിന്റെ മതനിരപേക്ഷ ജീവിതത്തിനുമേല്‍ കടുത്ത വര്‍ഗീയ ചാപ്പ തന്നെ കുത്തുന്ന കാഴ്ചയും നാം കണ്ടു. തെരഞ്ഞെടുപ്പ് തന്ത്രം എന്നുള്ള നിലയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അവര്‍ അത് നിര്‍ത്തുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ തങ്ങളുടെ പരാജയം മുന്‍കൂട്ടി കാണുന്ന സി.പി.എം ആ പരാജയത്തെയും വര്‍ഗീയ വ്യാഖ്യാനം നല്‍കി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. പക്ഷേ അതില്‍ നാടിന്റെ ഭാവിയിലെ സൈ്വര്യജീവിതത്തിനു മേല്‍ കോരിയിടാന്‍ പോകുന്ന തീക്കനലുകളെക്കുറിച്ച് ആ പാര്‍ട്ടിയിലെ പരിണിതപ്രജ്ഞരായ നേതാക്കള്‍ക്ക് പോലും ഒരാശങ്കയുമില്ല എന്നത് അങ്ങേയറ്റം ഭയാനകമായ ഒരു കാര്യമാണ്.
രണ്ട് ക്യാമ്പയിനുകളിലൂടെയാണ് തങ്ങളുടെ എതിര്‍ സ്ഥാനാര്‍ത്ഥിയെയും യു.ഡി.എഫിനെയും കടന്നാക്രമിക്കാന്‍ സി.പി.എം ശ്രമിച്ചത്. അതിലൊന്ന് ഇനിയും തെളിയിക്കാന്‍ സാധിക്കാത്ത പോണ്‍ കഥയാണ്. യാതൊരു ഉത്തരവാദിത്വവുമില്ലാതെ ഈ കഥയുടെ ഭാരവും ബാധ്യതയും സ്ഥാനാര്‍ത്ഥി തന്നെ നേരിട്ട് എതിര്‍ സ്ഥാനാര്‍ഥിയുടെ തലയില്‍ കെട്ടിവെക്കുന്ന കാഴ്ച നാം കണ്ടു.
എന്നാല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വാക്കുകള്‍ വിശ്വാസത്തിലെടുത്തുകൊണ്ട് തുറന്ന അന്വേഷണത്തെ സ്വാഗതം ചെയ്യുകയായിരുന്നു യു.ഡി.എഫും ആര്‍.എം.പി.ഐയും.
രണ്ടാമത്തേതാണ് ഈ വര്‍ഗീയ വ്യാഖ്യാനം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ മുസ്ലിം ലീഗിന്റെയും മുസ്ലിം ചെറുപ്പക്കാരുടെയും ഊര്‍ജ്ജസ്വലമായ സാന്നിധ്യവും ഷാഫി എന്ന പേരുമാണ് സിപിഎമ്മിനെ വിറളി പിടിപ്പിക്കുന്നതെങ്കില്‍ പിന്നെ നിങ്ങളില്‍ നിന്ന് വര്‍ഗീയവാദിയിലേക്ക് ഒരിഞ്ച് ദൂരം പോലും ബാക്കിയില്ലെന്ന് സ്വയം മനസ്സിലാക്കുന്നത് നന്നായിരിക്കും.
രണ്ടു തവണ മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞതവണ കെ.മുരളീധരനും വടകരയില്‍ മത്സരിക്കാന്‍ എത്തുമ്പോള്‍ അവരെ നെഞ്ചിലേറ്റെടുക്കാനും വിജയിപ്പിക്കാനും മുന്നണിയില്‍ തന്നെയുണ്ടായിരുന്നു മുസ്ലിം ലീഗ്. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്നു മുസ്ലിം ലീഗ്. യു.ഡി.എഫിലെ പ്രബലമായ ഒരു ഘടകകക്ഷിയും മലബാറിന്റെ രാഷ്ട്രീയ മണ്ഡലത്തിലെ നിറസാന്നിധ്യവുമായ മുസ്ലിം ലീഗിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ സാന്നിധ്യം ഷാഫി എന്ന പേരുകാരന് വേണ്ടിയാകുമ്പോള്‍ അത് മുസ്ലിം തീവ്രവാദവും വര്‍ഗീയതയും ആണെന്ന് വ്യാഖ്യാനിച്ച് നിങ്ങള്‍ക്ക് സായൂജ്യമടയാം എന്നല്ലാതെ നിങ്ങളുടെ മറ്റെല്ലാ കുടിലതന്ത്രങ്ങളെയും പോലെ വടകര അത് തള്ളിക്കളയുക തന്നെ ചെയ്യും.
കാരണം നിങ്ങള്‍ക്ക് ഒരു ചരിത്രമുണ്ടല്ലോ? ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊല്ലാന്‍ കൊട്ടേഷന്‍ സംഘത്തെ അയച്ച നിങ്ങള്‍ ഇന്നോവയുടെ മുകളില്‍ മാഷാ അള്ളാ എന്ന സ്റ്റിക്കര്‍ എഴുതി ഒട്ടിച്ചു. മുസ്ലിം തീവ്രവാദി ആക്രമണം ആണെന്ന് കൈരളി ചാനല്‍ ഫ്‌ലാഷ് ന്യൂസ് നല്‍കി. വിദ്യാഭ്യാസവും സംസ്‌കാരവും പാരമ്പര്യത്തിലെ മതേതര ബോധവും കൊണ്ട് ഈ നാട് മറക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെ ഉണങ്ങിയ മുറിവുകളില്‍ നിന്നും ചോര വാര്‍ന്ന് ടി.പി ചന്ദ്രശേഖരന്റെ പേരില്‍ ഒരു വര്‍ഗീയ കലാപം നാട്ടില്‍ രൂപം കൊള്ളുന്നതും അതുവഴി നിങ്ങളുടെ കൊട്ടേഷന്‍ സംഘത്തെ രക്ഷിച്ചെടുത്തു ചന്ദ്രശേഖരന്റെ ചോരക്കറ നിങ്ങളുടെ നേതൃത്വത്തിന്റെ കയ്യില്‍ നിന്ന് കഴുകിക്കളയാം എന്നുമായിരുന്നു നിങ്ങളുടെ കണക്കുകൂട്ടല്‍. ആ കുടിലതന്ത്രത്തിന്റെ പുതുക്കിയ പതിപ്പാണിതെന്ന് എല്ലാവര്‍ക്കും മനസ്സിലാകുന്നുണ്ട്.
സി.പി.എം അനുകൂലികളായ സാംസ്‌കാരിക പ്രവര്‍ത്തകരും നവമാധ്യമ എഴുത്തുകാരും ഈ ആശയം വെച്ച് എത്ര പെട്ടെന്നാണ് ആശങ്കാസാഹിത്യവുമായി രംഗത്തെത്തിയത്?
പക്ഷേ നാട് കത്തിച്ചു കളയാന്‍ ശേഷിയുള്ള ഒരു കുടിലതയും ഈ നാട് വെച്ച് വാഴിക്കില്ല. തെരഞ്ഞെടുപ്പിലെ ജയവും തോല്‍വിയും ജനം തീരുമാനിച്ചു കഴിഞ്ഞു. പക്ഷേ വര്‍ഗീയതയുടെ മുന്‍പില്‍ വടകര തോല്‍ക്കില്ല. വടകരയുടെ പ്രബുദ്ധ ജനതയ്ക്ക് മുമ്പില്‍ വര്‍ഗീയത ജയിക്കുകയുമില്ല.