കുന്ന്യോറമല സന്ദര്‍ശിച്ച് ജില്ലാകലക്ടര്‍: മണ്ണിടിച്ചില്‍ ഭീതിയടക്കമുള്ള ആശങ്കകളറിയിച്ച് പ്രദേശവാസികള്‍
കൊല്ലം: കുന്ന്യോറമലയില്‍ ദേശീയപാതയ്ക്കായി മണ്ണെടുത്ത സ്ഥലങ്ങള്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് സന്ദര്‍ശിച്ചു. മണ്ണിടിച്ചില്‍ പ്രതിരോധിക്കാനെന്ന പേരില്‍ സോയില്‍ നെയിലിങ് പ്രവൃത്തി നടത്തുന്നത് പ്രദേശവാസികള്‍ തടയുകയും സമരവുമായി രംഗത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് കലക്ടറുടെ സന്ദര്‍ശനം.
തഹസില്‍ദാര്‍ ജയശ്രീ, ഡി.വൈ.എസ്.പി ആര്‍.ഹരിപ്രസാദ്, സി.ഐ ശ്രീലാല്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. എന്‍.എച്ച്.എ.ഐ അധികൃതരും വാഗാഡ് അധികൃതരും സ്ഥലത്തുണ്ടായിരുന്നു. മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന ഭാഗങ്ങള്‍ കലക്ടര്‍ സന്ദര്‍ശിച്ചു. പ്രദേശവാസികളുടെ ആശങ്കകള്‍ ചോദിച്ചറിയുകയും ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, വാര്‍ഡ് കൗണ്‍സിലര്‍ സുമതി എന്നിവര്‍ പ്രദേശവാസികളുടെ ആവശ്യങ്ങള്‍ കലക്ടറെ അറിയിച്ചു.
മണ്ണിടിച്ചില്‍ ഭീഷണിനേരിടുന്ന റോഡിന് മുകള്‍ഭാഗത്തേക്ക് പോകാനോ വിള്ളലുകള്‍ വന്ന വീടുകള്‍ സന്ദര്‍ശിക്കാനോ കലക്ടര്‍ തയ്യാറായില്ലെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു.
കലക്ടറുടെ സന്ദര്‍ശത്തെ ഏറെ പ്രതീക്ഷയോടെയാണ് സമരസമിതി കണ്ടതെങ്കിലും അദ്ദേഹത്തില്‍ നിന്നും സമരസമിതിയ്ക്ക് അനുകൂലമായ നിലപാടുണ്ടായിട്ടില്ലെന്ന് സുമതി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഭീഷണി നേരിടുന്ന വീടുകളും സ്ഥലവും ഏറ്റെടുക്കണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ല. സോയില്‍ നെയിലിങ് തുടരാന്‍ അനുവദിക്കണമെന്നും ഇനിയെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ അപ്പോള്‍ ഭൂമിയേറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കാമെന്നുമാണ് കലക്ടര്‍ പറഞ്ഞതെന്നും സുമതി വ്യക്തമാക്കി.