മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് പാനൂര്‍ സ്‌ഫോടനം യു.ഡി.എഫ് പ്രചാരണ വിഷയമാക്കുന്നത്; തെരഞ്ഞെടുപ്പില്‍ ഇത് ചര്‍ച്ചയാവുമെന്നത് വ്യാമോഹമാണെന്നും കെ.കെ.ശൈലജ ടീച്ചര്‍


വടകര: മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് യു.ഡി.എഫ് പാനൂര്‍ സ്‌ഫോടനം തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കുന്നതെന്ന് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍. തെരഞ്ഞെടുപ്പില്‍ പാനൂര്‍ സംഭവം ചര്‍ച്ചയാവുമെന്നത് യു.ഡി.എഫിന്റെ വ്യാമോഹമാണെന്നും ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

വടകരയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാതെ യു.ഡി.എഫ് അക്രമരാഷ്ട്രീയം ചര്‍ച്ച ചെയ്യുകയാണ്. വിഷയ ദാരിദ്ര്യം കൊണ്ടാണ് യു.ഡി.എഫ് അക്രമ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത്. പാനൂരിലേത് ക്രിമിനല്‍ പ്രവര്‍ത്തനമാണ്. അതുമായി പാര്‍ട്ടിക്ക് ബന്ധമില്ല. മകന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് മരിച്ചയാളുടെ അച്ഛന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് രാഷ്ട്രീയ പ്രശ്‌നങ്ങളും ജനകീയ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നില്ല. സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ല. പൗരത്വമടക്കമുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനാണ് കോണ്‍ഗ്രസ് അക്രമ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതെന്നും ശൈലജ ടീച്ചര്‍ ആരോപിച്ചു.

തൊഴിലുറപ്പ് സ്ത്രീകളെ കുറിച്ചുള്ള മുദ്രാവാക്യം ഓര്‍മ്മിപ്പിച്ച കെ.കെ.ശൈലജ, യു.ഡി.എഫ് നേതൃത്വം നല്‍കുന്ന സൈബര്‍ സംഘമാണ് ഇതിനെല്ലാം പിന്നിലെന്ന് ആരോപിച്ചു. മോര്‍ഫിംഗ് നടത്തി അശ്ലീല ചിത്രങ്ങളുണ്ടാക്കുകയാണ് ചിലര്‍. തൊഴിലുറപ്പ് തൊഴിലാളികള്‍ അഭിമാനമാണ്. ആ ജോലി ചെയ്താണ് ഒരുപാട് കുടുംബങ്ങള്‍ ജീവിക്കുന്നത്. കോണ്‍ഗ്രസുകാരും ലീഗുകാരും തൊഴിലുറപ്പ് ചെയ്യുന്നുണ്ട്. അവരെയടക്കമാണ് ആക്ഷേപിച്ചത്. മുസ്ലീം ലീഗിലെയൊക്കെ എല്ലാവരും ഹൈ ഫൈ ജീവിതം നയിക്കുന്നവരാണോ? സാധാരണക്കാരില്ലേ? തൊഴിലുറപ്പ് തൊഴിലാളികള്‍ കേരളമാകെ പ്രതിഷേധത്തിലാണെന്നും ശൈലജ പറഞ്ഞു.

ആശയ ദാരിദ്രം കൊണ്ടാണ് കോണ്‍ഗ്രസ് തകരുന്നത്. മുസ്ലീങ്ങളാകെ വര്‍ഗീയ വാദികളല്ല. തനിക്ക് ആളുകളില്‍ നിന്ന് സ്‌നേഹം ലഭിക്കുന്നു എന്ന് കണ്ടപ്പോള്‍ ക്രൂരമായ സൈബര്‍ ആക്രമണം നടത്തുകയാണ്. പി.പി.ഇ കിറ്റ് വാങ്ങിയത് ശരിയായ നടപടിയായിരുന്നുവെന്നും കെ.കെ.ശൈലജ പറഞ്ഞു.