സി.പി.ഐ മേപ്പയ്യൂർ മണ്ഡലം സമ്മേളനം; ഇന്ന് ഡോ.പ്രദീപൻ പാമ്പിരികുന്നിൻ്റെ ‘എരി’ പുസ്തക ചര്‍ച്ച, 18ന് പ്രതിനിധി സമ്മേളനം


മേപ്പയൂർ: 25-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കീഴരിയൂർ, തുറയൂർ, അരിക്കുളം, മേപ്പയൂർ, ചെറുവണ്ണൂർ എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ട സി.പി.ഐ മണ്ഡലം സമ്മേളനം വിവിധ പരിപാടികളോടെ മെയ് 14 മുതൽ 18 വരെ മേപ്പയൂരിൽ നടക്കും. പതാക കൊടിമര ബാനർ ജാഥാ സംഗമം, പൊതു സമ്മേളനം, പ്രതിനിധി സമ്മേളനം, അനുബന്ധ പരിപാടികൾ, ഒളിവിലെ ഓർമ്മകൾ (KPAC) നാടകം തുടങ്ങിയവ സമ്മേളനത്തോടനുബന്ധിച്ച് നടക്കും.

മെയ് 14ന് വൈകുന്നേരം യുവജനങ്ങളുടെ മിനി മാരത്തോണോടെ പരിപാടികൾക്ക് തുടക്കമായി. വൈകീട്ട് 5 മണിക്ക് നടക്കുന്ന പുസ്തകോത്സവം ചലച്ചിത്ര നാടക ഗാനരചയിതാവ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്‌. 6 മണിക്ക് നടന്ന കവിയരങ്ങില്‍ ശ്രീനി എടച്ചേരി ഉൾപ്പെടെയുള്ള കവികൾ പങ്കെടുത്തു.

മെയ് 15ന് വൈകുന്നേരം 4.30ന് ഡോ.പ്രദീപൻ പാമ്പിരികുന്നിൻ്റെ ‘എരി’ എന്ന പുസ്തകം ചർച്ച ചെയ്യും. മെയ് 16ന് വൈകുന്നേരം 4.30ന് ഭീകരവാദത്തിനെതിരെ ‘പാട്ടും വരയും’ എന്ന പരിപാടി നടക്കും. വൈകുന്നേരം 6മണിക്ക് ഡോ.സോമൻ കടലൂരിൻ്റെ നോവൽ ‘പുള്ളിയൻ’ എന്ന പുസ്തകം ചർച്ച ചെയ്യും.

മെയ് 17ന് വൈകുന്നേരം 4 മണിക്ക് കല്പത്തൂരിലെ രക്തസാക്ഷി കെ.ചോയി സ്മാരകത്തിൽ നിന്ന് യുവജന വിദ്യാർത്ഥി സഖാക്കളുടെ നേതൃത്വത്തിൽ ധനേഷ് കാരയാട് ലീഡറും അശ്വതി സി.കെ ഉപലീഡറുമായ പതാക ജാഥ ആരംഭിക്കും. അജയ് ആവള ഏൽപ്പിക്കുന്ന പതാക സമ്മേളനനഗരിയിൽ ആർ.ശശി ഏറ്റുവാങ്ങും.

കാരയാട് കുഞ്ഞികൃഷ്ണൻ സ്മരണയിൽ കിസാൻ – തൊഴിലാളി സഖാക്കളുടെ നേതൃത്വത്തിൽ പി.ബാലഗോപാലൻ മാസ്റ്റർ ലീഡറും പി.ടി.ശശി ഉപലീഡറുമായ കൊടിമര ജാഥ ആരംഭിക്കും. സി.ബിജു ഏൽപിക്കുന്ന കൊടിമരം കൊയിലോത്ത് ഗംഗാധരൻ ഏറ്റുവാങ്ങും. ആവള നാരായണൻ സ്മരണയിൽ മഹിളാ സഖാക്കളുടെ നേതൃത്വത്തിൽ കെ.കെ.അജിതകുമാരി ലീഡറും ഉഷ മലയിൽ ഉപലീഡറുമായ ബാനർ ജാഥ ആരംഭിക്കും. കെ.നാരായണ കുറുപ്പ് ഏൽപിക്കുന്ന ബാനർ സമ്മേളന നഗരിയിൽ കെ.പി. ജയന്തി ഏറ്റുവാങ്ങും.

മേപ്പയ്യൂർ ഹൈസ്കൂളിന് സമീപം ജാഥകൾ സംഗമിച്ച് പൊതുസമ്മേളന നഗരിയായ കാനം രാജേന്ദ്രൻ നഗറിൽ (ബസ് സ്റ്റാൻഡ് പരിസരം) എത്തിച്ചേരും. സ്വാഗത സംഘം ചെയർമാൻ കെ.വി നാരായണൻ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ, സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി എന്നിവർ സംസാരിക്കും.

രാത്രി 8 മണിക്ക് കെ.പി.എ.സിയുടെ ‘ഒളിവിലെ ഓർമ്മകൾ’ നാടകം അരങ്ങേറും. മെയ് 18ന് രാവിലെ 9 മണിക്ക് മേപ്പയ്യൂർ ടൗണിൽ പ്രത്യേകം ഒരുക്കിയ എം.കുഞ്ഞിക്കണ്ണൻ നഗറിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു ഉദ്ഘാഘാടനം ചെയ്യും. ജില്ലാ അസിസ്റ്റന്റ്‌ സെക്രട്ടറി പി.കെ നാസർ, പി.കെ കണ്ണൻ, ആർ.ശശി, അജയ് ആവള എന്നിവർ പങ്കെടുക്കും.

സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അജയ് ആവള, കെ.ബാലഗോപാലൻ മാസ്റ്റർ, മണ്ഡലം സെക്രട്ടറി സി ബിജു, സംഘാടക സമിതി കൺവീനർ ബാബു കൊളക്കണ്ടി, ചെയർമാൻ കെ.വി.നാരായണൻ, എ.ഐ.വൈ.എഫ്‌ മണ്ഡലം സെക്രട്ടറി ധനേഷ് കാരയാട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.