ചാലക്കുടിയില്‍ പോലീസ് ജീപ്പ് തകര്‍ത്ത സംഭവം; കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ത്ഥിനിയടക്കം മൂന്ന് പേര് കൂടി അറസ്റ്റില്‍
ചാലക്കുടി: ചാലക്കുടിയില്‍ പോലീസ് ജീപ്പ് തല്ലിത്തകര്‍ത്ത കേസില്‍ അറസ്റ്റിലായ എട്ട് പ്രതികളെയും ചാലക്കുടി മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. വനിതാനേതാവടക്കം മൂന്ന് പേരെ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ത്ഥിനിയും മോതിരക്കണ്ണി സ്വദേശിയുമായ സാന്ദ്ര ബോസ്(22), പടിഞ്ഞാറെ ചാലക്കുടി സ്വദേശി നിര്‍മല്‍ (22), അലവി സെന്റര്‍ സ്വദേശി അഫ്സല്(25) എന്നിവരാണ് പിടിയിലായത്. എസ്.എഫ്.ഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ് സാന്ദ്ര തോമസ്.
കേസില്‍ കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് നിധിന് പുല്ലനുള്പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു. തൃശ്ശൂര്‍ ഒല്ലൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നനിടെയായിരുന്നു പോലീസ് നിധിനെ പിടികൂടിയത്.
ഐ.ടി.ഐ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആഹ്ളാദ പ്രടനത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രവര്‍ത്തകര്‍ ബൈക്കില്‍ പ്രകടനം നടത്തുന്നതിനിടെ ഹെല്‍മറ്റ് ധരിച്ചില്ലെന്ന് പറഞ്ഞ് പോലീസ് പിഴയടപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പ്രവര്‍ത്തകര്‍ ജീപ്പ് അടിച്ചുതകര്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.