മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്; ചോദ്യം ചെയ്യലിന് ഹാജരായി സുരേഷ് ഗോപി; ഗതാഗത തടസ്സം സൃഷ്ടിച്ച് ബി.ജെ.പി പ്രകടന മാര്‍ച്ച്


കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സുരേഷ് ഗോപി ഇന്ന് പോലീസിനു മുന്നില്‍ ഹാജരായി. കോഴിക്കോട് നടക്കാവ് സ്‌റ്റേഷനിലാണ് ഹാജരായത്. ഈ മാസം 18 ന് മുന്നേ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാവണമെന്ന് നോട്ടീസ് നേരത്തെ പുറപ്പെടുവിച്ചിരുന്നു.

സുരേഷ് ഗേപിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടക്കാവ് പോലീസ് സ്റ്റഷനിലേക്ക് പദയാത്ര നടത്തി. തുടര്‍ന്ന് നടക്കാവ് പോലീസ് സ്‌റ്റേഷന് സമീപം ഗതാഗത തടസ്സം നേരിട്ടു.

പ്രവര്‍ത്തകര്‍ ജാഥയായി നടക്കാവ് പൊലീസ് സ്റ്റേഷനു മുന്നില്‍ എത്തിയപ്പോള്‍ ഗെയ്റ്റിനു മുന്നില്‍ പൊലീസ് തടഞ്ഞു.
‘കേരളമാകെ എസ് ജിക്കൊപ്പം ‘ മുദ്രാവാക്യവുമായാണ് വന്‍ ജനക്കൂട്ടം തടിച്ചു കൂടിയിരിക്കുന്നത്. ഇതോടെ കണ്ണൂര്‍ റോഡിലെ ഗതാഗതം തടസപ്പെട്ടു. ബസ്സുകള്‍ വഴി തിരിച്ചു വിടുകയാണ്.

സുരേഷ് ഗോപിയെ മനപ്പൂര്‍വ്വം കളളക്കേസില്‍ കുടുക്കാന്‍ശ്രമിക്കുകയാണെന്ന് കെ.സുരേന്ദ്രന്‍  മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാവുന്നതു വരെ സംസ്ഥാന നേതാക്കളും സ്റ്റേഷനില്‍ തുടരുമെന്ന് അറിയിച്ചു.

കഴിഞ്ഞ മാസം കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെ സുരേഷ് ഗോപിയോട് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമ പ്രവര്‍ത്തക അപമാനിക്കപ്പെട്ടതായി ആണ് പരാതി ലഭിച്ചത്.

സംഭവത്തില്‍ ഐ.പി.സി.സി 354 എ പ്രകാരം സുരേഷ് ഗോപിക്കെതിരെ കേസ് എടുത്തിരുന്നു. കേസില്‍ പരാതിക്കാരിയുടെ മൊഴി നേരത്തതെ രേഖപ്പെടുത്തിയിരുന്നു.