സ്‌ഫോടനത്തിന് തൊട്ട് മുമ്പ് ഒരു നീല കാര്‍ അതിവേഗം പുറത്തേക്ക്; കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്റര്‍ സ്‌ഫോടനത്തില്‍ നിര്‍ണായക വിവരം, ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ്‌


കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു നീല കാറിനെക്കുറിച്ച് പോലീസ് അന്വേഷണം. പ്രാര്‍ത്ഥന ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി ഒരു നീലക്കാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും അതിവേഗം പുറേത്തക്ക് പോവുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന്‌ ലഭിച്ചു. സ്‌ഫോടനം നടത്തിയ ആള്‍ രക്ഷപ്പെടാനായി ഉപയോഗിച്ച കാറാവാം ഇതെന്നാണ് പ്രാഥമിക നിഗമനം. സംഭവശേഷം പോലീസിന് ലഭിച്ച അതി നിര്‍ണായക വിവരമാണിത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

കണ്‍വെന്‍ഷന്‍ സെന്ററിലെ പൊട്ടിത്തെറി ബോംബ് സ്‌ഫോടനമാണെന്ന് അല്‍പം മുമ്പ്‌ ഡിജിപി സ്ഥിരീകരിച്ചിരുന്നു. ഐ.ഇ.ജി ആണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചതെന്നും കണ്ടെത്തി. ടിഫിന്‍ ബോക്‌സിനുള്ളിലാണ്‌ സ്‌ഫോടക വസ്തു വച്ചതെന്നും, സംഭവസ്ഥലത്ത് കരിമരുന്നിന്റെ സാന്നിദ്ധ്യമുണ്ടെന്നും പോലീസ് പറഞ്ഞിരുന്നു. എഡിജിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം ഇപ്പോള്‍ നടക്കുന്നത്.

സ്‌ഫോടനത്തിന് പിന്നാലെ സംസ്ഥാനത്ത്‌ കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ഷോപ്പിങ് മാൾ, ചന്തകൾ, കൺവെൻഷൻ സെന്ററുകൾ, സിനിമാ തിയറ്റർ തുടങ്ങി ആളുകള്‍ കൂട്ടമായി എത്തുന്ന ഇടങ്ങളിലൊക്കെ പരിശോധന കര്‍ശനമാക്കാനാണ്‌ നിര്‍ദ്ദേശം.

ഇന്ന് രാവിലെ 9.45ഓടെയാണ് കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വന്‍ സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ ഒരു സ്ത്രീ മരിക്കുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്‌. പരിക്കേറ്റ 35 പേരെയും കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഏഴു പേര്‍ ഐസിയുവിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായി പൊള്ളലേറ്റവരില്‍ ഒരു കുട്ടിയുമുണ്ട്. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ പ്രാര്‍ത്ഥന നടക്കുന്നിതിടെയായിരുന്നു സ്‌ഫോടനം. വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് ദുരന്തമുണ്ടായിരിക്കുന്നത്.