റോഡില്‍ കണ്ട പെരുമ്പാമ്പിനെ എടുത്ത്‌ കഴുത്തിലിട്ടു, പിന്നാലെ പാമ്പ് കഴുത്ത് വരിഞ്ഞുമുറുക്കി; കണ്ണൂരില്‍ മദ്യലഹരിയില്‍ പെരുമ്പാമ്പിനെ കഴുത്തിലിട്ട മധ്യവയസ്‌ക്കനെ രക്ഷിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്


കണ്ണൂര്‍: വളപട്ടണത്ത് മദ്യലഹരിയില്‍ പെരുമ്പാമ്പിനെ എടുത്ത് കഴുത്തിലിട്ട മധ്യവയസ്‌ക്കനെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ രക്ഷപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസം രാത്രി വളപട്ടണം ടോള്‍ ബൂത്തിനടുത്തുള്ള പെട്രോള്‍ പമ്പിന് മുമ്പിലാണ് സംഭവം.

മദ്യലഹരിയിലായിരുന്നു പ്രദേശവാസി ചന്ദ്രനാണ് റോഡ് ഡൈസില്‍ കണ്ട പെരുമ്പാമ്പിനെ കഴുത്തിലിട്ടത്. കുറച്ച് സമയത്തിനുശേഷം പാമ്പ് കഴുത്തില്‍ വരിഞ്ഞുമുറുക്കാന്‍ തുടങ്ങിയതോടെ ചന്ദ്രന്‍ താഴേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് പാമ്പിന്റെ വായ ചന്ദ്രന്‍ കൈകൊണ്ട് മുറുക്കെ പിടിച്ചിരുന്നു.

സംഭവം കണ്ട പെട്രോള്‍ പമ്പ് ജീവനക്കാരിലൊരാള്‍ ചാക്കുമായി വന്ന് പാമ്പിനെ കഴുത്തില്‍ നിന്നും വലിച്ചുമാറ്റി, ചന്ദ്രനെ പെട്ടെന്ന് തന്നെ എഴുന്നേല്‍പ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ പാമ്പ് തൊട്ടടുത്തുള്ള പറമ്പിലേക്ക് ഇഴഞ്ഞുപോയി.

അപകടത്തില്‍ ചന്ദ്രന് പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. പെട്രോള്‍ പമ്പിലെത്തിയവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അപകടസമയത്ത് പമ്പില്‍ ഒരുപാട് പേരുണ്ടായിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ചന്ദ്രനെ രക്ഷപ്പെടുത്തിയ പെട്രോള്‍ പമ്പ് ജീവനക്കാരനെ അഭിനന്ദിക്കുകയാണ് ഒരുകൂട്ടര്‍.

വീഡിയോ ദൃശ്യങ്ങള്‍ കാണാം;