ദുബായില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; നിരവധി മലയാളികള്‍ക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം


ദുബായ്: ദുബായിലെ കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ പരിക്കേറ്റ മൂന്ന് മലയാളികളുടെ നില ഗുരുതരാണ്. ഒമ്പതോളം പേരെ ദുബായിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശികളായ നിധിന്‍ ദാസ്, ഷാനില്‍, നഹീല്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ ദുബായ് റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിധിന്‍ ദാസിന്റെ പരിക്ക് അതീവ ഗുരുതരമാണ്.

ഇന്നലെ അര്‍ധരാത്രി ഡേ ടു ഡേ എന്ന ഷോപ്പിങ്ങ് കേന്ദ്രത്തിന് സമീപത്തുള്ള ബിന്‍ഹൈദര്‍ എന്ന ബില്‍ഡിങ്ങിലാണ് അപകടം. 12.20 ഓടെ ഗ്യാസ് ചോര്‍ച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് മുറികളിലായി 17 പേരാണ് ബില്‍ഡിങ്ങില്‍ താമസിച്ചിരുന്നത്. മിക്കവരും അവിവാഹിതരാണ്. റാശിദ് ആശുപത്രിയില്‍ അഞ്ച് പേരും, എന്‍.എം.സി ആശുപത്രിയില്‍ നാലുപേരും ചികിത്സയില്‍ കഴിയുന്നുണ്ടെന്ന് ദുബായിലെ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി പറഞ്ഞു.

പൊട്ടിത്തെറിയില്‍ സമീപത്തെ ബില്‍ഡിങ്ങിലെ രണ്ട് വനിതകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരില്‍ ഭൂരിപക്ഷം പേരും മലയാളികളാണെന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.