പാട്ടു പാടാന്‍ തയ്യാറായില്ല; ബാലുശ്ശേരിയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചു


കോഴിക്കോട്: ബാലുശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചു. കരിയാത്തന്‍കാവ് ശിവപുരം ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥി ഷാമിലിനാണ്(17)മര്‍ദനമേറ്റത്.

ചൊവ്വാഴ്ച വൈകിട്ട് സ്‌ക്കൂള്‍ ഗേറ്റില്‍ വച്ചായിരുന്നു അക്രമണം. പാട്ടു പാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ പാടിയില്ലെന്ന കാരണം പറഞ്ഞാണ് ഇരുപതോളം പേരടങ്ങുന്ന സീനിയര്‍ വിദ്യാര്‍ത്ഥികളുടെ സംഘം ഷാമിലിനെ മര്‍ദിച്ചത്. മര്‍ദനമേറ്റ് ബോധരഹിതനായി വീണ ഷാമിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മര്‍ദനത്തില്‍ മുഖത്തിനും പല്ലിനും ഷാമിലിന് പരിക്കേറ്റിട്ടുണ്ട്.  ഇത് രണ്ടാം തവണയാണ് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ഷാമിലിനെ അക്രമിക്കുന്നത്. മകനെ മര്‍ദി വിദ്യാര്‍ത്ഥികള്‍ക്കെതിരെ റാഗിങ്ങിന് കേസ് എടുക്കണമെന്ന് രക്ഷിതാവ് ആവശ്യപ്പെട്ടു.