‘ആത്യന്തികമായി സത്യം വിജയിക്കുമെന്ന് തെളിഞ്ഞു, ജനാധിപത്യ സമൂഹം രാഹുല്‍ ഗാന്ധിക്ക് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരക്കും’; ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: മോദി പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന സുറത്ത് കോടതിയുടെ വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍. ആത്യന്തികമായി സത്യം വിജയിക്കുമെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞതായി അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
‘ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പിന്തുണയോടെ നീതിപീഠങ്ങളെ തെറ്റിദ്ധരിപ്പിച്ച് വാങ്ങിയ വിധിയാണ് നേരത്തേ ഉണ്ടായതെന്ന് സുപ്രീം കോടതി ഉത്തരവിലൂടെ ബോധ്യപ്പെട്ടു. ജനാധിപത്യ-മതേതര വിശ്വാസികള്‍ക്ക് വര്‍ത്തമാന കാലത്ത് ഏക ആശ്വാസം കോടതികളാണ്. ജനാധിപത്യ മതേതര സമൂഹം രാഹുല്‍ഗാന്ധിക്ക് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരക്കും.’ -പ്രവീണ്‍കുമാര്‍ പറഞ്ഞു.
2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറിലെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍, ‘മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്?’ എന്ന് രാഹുല്‍ നടത്തിയ പരമാര്‍ശമാണ് കേസിനടിസ്ഥാനം. ഗുജറാത്തില്‍ നിന്നുള്ള എം.എല്‍.എയായ പൂര്‍ണേഷ് മോദി നല്കിയ പരാതിയില്‍ മാര്‍ച്ച് 23 ന് സൂറത്ത് മജിസ്ട്രേട്ട് കോടതി രാഹുലിന് രണ്ട് വര്‍ഷം തടവും പിഴയും വിധിച്ചു. ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ജില്ലാ കോടതിയേയും ഗുജറാത്ത് ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ജസ്റ്റിസുമാരായ ബി.ആര്.ഗവായ്, പി.എസ്.നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവരങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ഇരുവിഭാഗങ്ങള്‍ക്കും വാദിക്കാന്‍ 15 മിനിറ്റാണ് സമയം അനുവദിച്ചിരുന്നത്. രാഹുലിന്റെ അഭിഭാഷകന് അഭിഷേക് മനു സിങ്വിയാണ് ആദ്യം വാദം തുടങ്ങിയത്. മഹേഷ് ജഠ്മലാനിയാണ് പരാതിക്കാരനായ പൂര്‍ണ്ണേഷ് മോദിക്ക് വേണ്ടി ഹാജരായത്. സുപ്രീം കോടതയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ കേസില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.
ഒന്നര മണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഡിവിഷന് ബഞ്ച് രാഹുലിന്റെ ശിക്ഷ സ്റ്റേ ചെയ്തത്. വയനാട്ടിലെ വോട്ടര്‍മാരുടെ അവകാശം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ് വരുന്നത്. അയോഗ്യത നീങ്ങി എം.പി സ്ഥാനത്ത് തിരികെ എത്തുന്നതോടെ അടുത്തയാഴ്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാനാകും. അതോടൊപ്പം അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള വിലക്കും രാഹുലിന് ഒഴിവായി.